സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡിന്റെ തിരിച്ചടികൾ തുടരുന്നു. ഇന്ന് വിയ്യറയൽ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മറികടന്നത്. കോപ്പ ഡെൽ റിയോയിൽ ബാഴ്‌സലോണയെ തകർത്തു വന്ന റയൽ മാഡ്രിഡ് സമാനമായ വിധം ആണ് മത്സരം തുടങ്ങിയത്. മികച്ച ആക്രമണ ഫുട്‌ബോൾ കണ്ട മത്സരത്തിൽ റയലിന്റെ മൈതാനത്ത് കൂടുതൽ അവസരങ്ങൾ തുറന്നതും വിയ്യറയൽ ആയിരുന്നു. മുമ്പ് ഈ സീസണിൽ സ്വന്തം മൈതാനത്ത് റയലിനെ തോൽപ്പിച്ച വിയ്യറയൽ റയലിന് മേൽ ചരിത്രത്തിൽ ആദ്യമായി ഡബിൾ നേട്ടം പൂർത്തിയാക്കുകയും ചെയ്തു. മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ മാർകോ അസൻസിയോയുടെ ക്രോസ് പൗ ടോറസിൽ തട്ടി ഗോൾ ആയതോടെ സെൽഫ് ഗോൾ ബലത്തിൽ റയൽ മത്സരത്തിൽ മുന്നിലെത്തി.
ആദ്യ പകുതിയിൽ തന്നെ വിയ്യറയൽ മത്സരത്തിൽ തിരിച്ചു വന്നു. ലൊ സെൽസയുടെ മികച്ച ത്രൂ പാസ് സ്വീകരിച്ച നൈജീരിയൻ താരം സാമുവൽ ചുക്വുസെ നാച്ചോയെ കബളിപ്പിച്ച് 39 മത്തെ മിനിറ്റിൽ വിയ്യറയലിന്റെ സമനില ഗോൾ നേടുക ആയിരുന്നു. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ റയൽ മാഡ്രിഡ് മത്സരത്തിൽ വീണ്ടും മുന്നിലെത്തി. 48 മത്തെ മിനിറ്റിൽ ഡാനി സെബയോസിന്റെ പാസിൽ നിന്നു മികച്ച ഫോമിലുള്ള വിനീഷ്യസ് ജൂനിയർ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. തുടർന്ന് നന്നായി ആക്രമിച്ചു കളിക്കുന്ന വിയ്യറയലിനെ ആണ് കാണാൻ ആയത്. 70 മത്തെ മിനിറ്റിൽ അവരുടെ സമനില ഗോൾ പിറന്നു.
വീണ്ടും ഒരിക്കൽ കൂടി സാമുവൽ ചുക്വുസെ അപകടകാരിയായി. പകരക്കാരനായി ഇറങ്ങി മൂന്നാം മിനിറ്റിൽ ലൂയിസ് മൊറാലസ് വിയ്യറയലിന് സമനില സമ്മാനിച്ചു. ആദ്യം ഗോൾ വര കടന്നു എന്നു സംശയം ഉണ്ടായെങ്കിലും വാർ ഗോൾ സ്ഥിരീകരിക്കുക ആയിരുന്നു. പത്ത് മിനിറ്റിനുള്ളിൽ സാമുവൽ ചുക്വുസെ തന്റെ രണ്ടാം ഗോൾ നേടി വിയ്യറയലിന് സ്വപ്ന ജയം സമ്മാനിക്കുക ആയിരുന്നു. അലക്‌സ് ബയെനയും ആയുള്ള കൊടുക്കൽ വാങ്ങലുകൾക്ക് ശേഷം ബോക്സിനു അരികിൽ നിന്നു നൈജീരിയൻ താരത്തിന്റെ സുന്ദരമായ ഷോട്ട് റയലിന്റെ പരാജയം ഉറപ്പിച്ചു. തുടർന്ന് സമനിലക്ക് ആയി റയൽ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിയ്യറയലിന്റെ ലീഗിലെ തുടർച്ചയായ മൂന്നാം ജയം ആണിത്. ഇതോടെ അവർ അഞ്ചാം സ്ഥാനത്തേക്കും കയറി. അതേസമയം ലീഗിൽ ഒരു മത്സരം അധികം കളിച്ച റയൽ ഒന്നാമതുള്ള ബാഴ്‌സലോണയും ആയി 12 പോയിന്റുകൾ പിറകിലാണ്.