കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ കിബു വികൂന എപ്പോഴത്തെയും പോലെ വെറും ഒരു പരിശീലകനായി കേരള ബ്ലാസ്റ്റേഴ്സ് മറക്കുന്ന പരിശീലകനായിരിക്കില്ല. ഒരു വർഷം മാത്രമെ ഇന്ത്യയിൽ എത്തിയിട്ടുള്ളൂ എങ്കിലും വികൂനയുടെ ടീം കളിക്കുന്നത് കണ്ടിട്ടുണ്ട് എങ്കിൽ ആ കോച്ചിന്റെ മികവ് അറിയാൻ ആകും.
അറ്റാക്കിംഗ് ഫുട്ബോൾ കൊണ്ട് എതിരാളികളെ തകർത്ത് എറിയുന്നതാണ് കിബു വികൂനയുടെ ശൈലി. ഐ ലീഗിൽ ഇനിയും നാലു റൗണ്ട് ബാക്കിയിരിക്കെ മോഹൻ ബഗാനെ കിരീട ജേതാക്കളാക്കാൻ വികൂനയ്ക്കായി. ലീഗിൽ അവസാന 14 മത്സരങ്ങളിൽ മോഹൻ ബഗാൻ പരാജയപ്പെട്ടിട്ടില്ല. അവരുടെ ചരിത്രത്തിലെ റെക്കോർഡാണത്.16 മത്സരങ്ങളിൽ 8 ക്ലീൻ ഷീറ്റും വികൂനയുടെ ടീം സ്വന്തമാക്കി.
യുവതാരങ്ങളെ വളർത്തുന്നതിലും വികൂനയ്ക്ക് വലിയ കഴിവുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ എത്തി ബഗാനിൽ കളിക്കുന്ന നൊങ്ഡമ്പ നവോറാമിന്റെ പ്രകടനം മാത്രമെടുത്താൽ മതി വികൂനയുടെ യുവതാരങ്ങളെ വളർത്തുന്നതിനുള്ള കഴിവ് മനസ്സിലാവാൻ. വികൂനയ്ക്ക് ഒപ്പം നവോറാമും കേരള ബ്ലാസ്റ്റേഴ്സിലേക്കും എന്നത് മറ്റൊരു സന്തോഷവും വരും സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ലഭിക്കും. സഹലിനെ പഴയ മികവിൽ കാണാനും വികൂനയോടെ വരവോടെ സാധിച്ചേക്കും.
ലലിഗ ക്ലബായിരുന്ന ഒസാസുനയുടെ യൂത്ത് ടീമിന്റെ പരിശീലകനായി കഴിവ് തെളിയിച്ച കോച്ചു കൂടിയാണ് വികൂന അവിടെ ലോക ഫുട്ബോളിലെ പ്രശസ്ത താരങ്ങളായ റൗൾ ഗാർസിയ, ആസ്പിലികേറ്റ, നാചോ മോൺറിയൽ, ഹാവി മാർടിനസ് എന്നിവർക്കൊപ്പം ഒക്കെ വികൂന പ്രവർത്തിച്ചിട്ടുണ്ട്. അവരെയൊക്കെ വളർത്തുന്നതിൽ വലിയ പങ്കും വഹിച്ചിട്ടുണ്ട്.