വാസ്കസിനായി ചൈനയിൽ നിന്നും അമേരിക്കയിൽ നിന്നും ഓഫറുകൾ

കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച സ്ട്രൈക്കർ ആൽവാരോ വാസ്കസ് അടുത്ത സീസണിൽ എവിടേക്ക് പോകും എന്ന് ഇനിയും തീരുമാനം എടുത്തില്ല. വാസ്കസ് സ്പോർടിങ് ഗിജോണിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഇപ്പോൾ ഫ്രീ ഏജന്റായ വാസ്കസിനായി നിരവധി ഓഫറുകൾ വരുന്നുണ്ട് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് പറഞ്ഞു.

ചൈനയിൽ നിന്ന് വന്ന ഓഫറുകൾ ഇതിനകം തന്നെ വാസ്കസ് നിരസിച്ചു കഴിഞ്ഞു. വാസ്കസിനായി എം എൽ എസ് ക്ലബുകളും ഒപ്പം ഇന്ത്യൻ ക്ലബുകളും രംഗത്ത് ഉണ്ട്. താമസിയാതെ തന്നെ വാസ്കസ് എവിടെ കളിക്കണം എന്ന് തീരുമാനിക്കും. കേരള ബ്ലാസ്റ്റേഴ്സും വാസ്കസുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 8 ഗോളുകളും രണ്ട് അസിസ്റ്റും വാസ്കസ് നേടിയിരുന്നു.

ലാലിഗയിലും പ്രീമിയർ ലീഗിലും എല്ലാം മുമ്പ് തിളങ്ങിയ സ്പാനിഷ് താരമാണ് ആൽവാരോ വാസ്കസ്. മൂന്ന് സീസണുകളോളം ഗെറ്റാഫക്ക് ഒപ്പം ലാലിഗയിൽ കളിച്ചിട്ടുള്ള താരമാണ് ആൽവാരോ വാസ്കസ്. സ്വാൻസെ സിറ്റിക്ക് ഒപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്. എസ്പാൻയോൾ, സരഗോസ, ജിമ്നാസ്റ്റിക് എന്നീ ക്ലബുകൾക്കായും കളിച്ചു.