മാഞ്ചസ്റ്ററിൽ ഇന്ന് അത്ഭുതങ്ങൾ നടന്നില്ല. ആദ്യമായി ചാമ്പ്യൻസ് ലീഗിൽ കിരീടം നേടാതെ സിദാന് നോക്കൗട്ട് റൗണ്ടിൽ മടങ്ങാം. ഇന്ന് നടന്ന പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിലും റയൽ മാഡ്രിഡിനെ തോൽപ്പിച്ച് കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇന്ന് 2-1 എന്ന സ്കോറിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ആദ്യ പാദത്തിലും 2-1ന് വിജയിച്ചിരുന്ന സിറ്റി ഇതോടെ 4-2ന്റെ അഗ്രിഗേറ്റ് സ്കോറിൽ ക്വാർട്ടറിലേക്ക് കന്നു.
ഇന്ന് റയൽ മാഡ്രിഡിന് വിനയായത് അവരുടെ പ്രധാന സെന്റർ ബാക്കായ വരാനെയുടെ രണ്ട് പിഴവുകളായിരുന്നു. റാമോസിന്റെ അഭാവത്തിൽ ടീമിന്റെ ഡിഫൻസിനെ നയിക്കേണ്ടിയിരുന്ന വരാനെ പക്ഷെ ഇന്ന് ടീമിന് നിരാശ നൽകുകയായിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ വരാനെ വരുത്തിയ പിഴവ് മുതലെടുത്താണ് സ്റ്റെർലിംഗിലൂടെ സിറ്റി ലീഡ് എടുത്തത്. എന്നാൽ അതിന് 29 മിനുട്ടിൽ ബെൻസീമയിലൂടെ റയൽ മാഡ്രിഡ് മറുപടി പറഞ്ഞു. റോഡ്രിഗോയുടെ മികച്ച ഒരു ക്രോസിൽ നിന്ന് ഹെഡറിലൂടെ ആയിരുന്നു ബെൻസീമയുടെ ഫിനിഷ്.
ആ ഗോളിനു ശേഷം സിറ്റിയുടെ തുടർ ആക്രമണങ്ങളാണ് കണ്ടത്. റയലിന്റെ കീപ്പർ കോർതോയുടെ മികവ് മാത്രമാണ് റയലിനെ രക്ഷിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ വരാനെ വീണ്ടും ചതിച്ചപ്പോൾ കോർതോയ്ക്കും രക്ഷിക്കാനായില്ല. 68ആം മിനുട്ടിൽ വരാനെ ചെയ്ത ഒരു ബാക്ക് ഹെഡർ കൈക്കലാക്കി ജീസുസ് സുഖമായി ഗോളടിച്ചു. സിറ്റി 2-1ന്റെ വിജയവും ഉറപ്പാക്കി. ക്വാർട്ടർ ഫൈനലിൽ ലിയോണിനെ ആകും മാഞ്ചസ്റ്റർ സിറ്റി നേരിടുക.