വാർ വന്നപ്പോൾ ഒരുപാട് ഗുണങ്ങൾ ഉണ്ടായെങ്കിലും വാറിന്റെ ഏറ്റവും വലിയ പ്രശ്നമായി മാറുന്നത് ഹാൻഡ്ബോളിലെ വിധിയാണ്. പെനാൾട്ടി ബോക്സിൽ നിന്ന് പന്ത് കയ്യിൽ എങ്ങനെ കൊണ്ടാലും പെനാൾട്ടി വിധിക്കുന്ന അവസ്ഥയിലേക്ക് വാർ ഫുട്ബോളിനെ കൊണ്ടു പോയിരിക്കുകയാണ്. ഇന്നലെ വനിതാ ഫുട്ബോൾ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ആയിരുന്നു അവസാനമായി ഇത്തരമൊരു ഹാൻഡ്ബോൾ കളിയുടെ രസം കളഞ്ഞത്.
ഇന്നലെ കളിയുടെ 88ആം മിനുട്ടിൽ ഹോളണ്ടും ജപ്പാനും 1-1ൽ നിൽക്കുമ്പോൾ ആണ് ഒരു ഹാൻഡ് ബോൾ പെനാൾട്ടി ആയി വിധിച്ചത്. ഹോളണ്ടിന്റെ ഒരു ഷോട്ട് ജപ്പാൻ ക്യാപ്റ്റന്റെ കയ്യിൽ തട്ടുകയായിരുന്നു. വളരെ അടുത്ത് നിന്നായിരുന്നു ആ ഷോട്ട് വന്നത്. ജപ്പാൻ ഡിഫൻഡർ കൈ വലിച്ച് കൈക്ക് കൊള്ളിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആ പന്ത് താരത്തിന്റെ കയ്യിൽ കൊണ്ടത്. അത്ര അടുത്ത് നിന്ന് പന്ത് കയ്യിലേക്ക് അടിച്ചാൽ പെനാൾട്ടി കൊടുക്കുന്ന പതിവ് മുമ്പ് ഫുട്ബോളിൽ ഇല്ല. എപ്പോഴും കൈക്ക് കൊള്ളുന്നവർ പന്ത് കൈ കൊണ്ട് തടയാൻ ഉദ്ദേശിച്ചിരുന്നോ എന്ന് കണക്കാക്കി ആയിരുന്നു മുമ്പ് റഫറിമാർ പെനാൾട്ടി വിധിച്ചിരുന്നത്.
എന്നാൽ ഇവിടെ ഡിഫൻഡറുടെ ഉദ്ദേശം കണക്കിൽ എടുക്കാതെ ആയി. വാർ പരിശോധനയിൽ പന്ത് കയ്യിലാണോ എന്ന് നോക്കുക. ആണെങ്കിൽ പെനാൾട്ടി വിളിക്കുക. ഇന്നലെ ജപ്പാൻ ഹോളണ്ടിനെ വിറപ്പിച്ചു കൊണ്ടിരിക്കെ ആയിരുന്നു ഈ വിധി വന്നത്. മത്സരം വാറിന്റെ സഹായത്തിൽ ജയിച്ച് ഹോളണ്ട് ക്വാർട്ടറിലേക്ക് കടന്നു.
ബൊളീവിയയും പെറുവും തമ്മിലുള്ള മത്സരത്തിൽ പെനാൾട്ടി നൽകിയത് മുഖത്ത് വന്ന ഷോട്ടിൽ നിന്ന് മുഖം സംരക്ഷിക്കാൻ കൈകൊണ്ട് മുഖം പൊത്തുന്നതിനിടയിൽ കൈക്ക് കൊണ്ടതിനായിരുന്നു. ഇനി വരുന്ന വർഷം മുതൽ ഹാൻഡ് ബോളിൽ ഇന്റൻഷൻ(കളിക്കാർ പന്ത് തൊടാൻ ഉദ്ദേശിച്ചിരുന്നോ ഇല്ലയോ) എന്നത് പരിഗണിക്കണ്ട എന്നാണ് ഫിഫയുടെ തീരുമാനം. അതായത് പെനാൾട്ടി ബോക്സിൽ നിന്ന് ഗോൾ വല നോക്കുന്നതിലും നല്ല ഡിഫൻഡറുടെ കൈ നോക്കി പന്ത് അടിച്ചാൽ മതിയാകും സ്ട്രൈകർമാർക്ക് എന്ന്. കൈ ശരീരരത്തിൽ നിന്ന് ഇത്തിരി എങ്കിലും പുറത്തായിരിക്കെ പന്ത് കയ്യിൽ കൊണ്ടാൽ പെനാൾട്ടി ഉറപ്പ്. വാറിനു മുന്നിൽ കൈ വെട്ടി മാറ്റുകയല്ലാതെ എന്തു ചെയ്യും ഇനി പ്രതിരോധ നിര.