ലിവർപൂൾ പ്രതിരോധ താരം വാൻ ഡൈക് ഈ സീസണിലെ പ്രീമിയർ ലീഗ് പ്ലയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ടു. പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് വാൻ ഡൈകിനെ അവാർഡിന് അർഹനാക്കിയത്. ലിവർപൂൾ താരങ്ങളായ മുഹമ്മദ് സല, സാദിയോ മാനെ, മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ബെർണാർഡോ സിൽവ, സ്റ്റെർലിങ്, അഗ്വേറൊ, ചെൽസി താരം ഏദൻ ഹസാർഡ് എന്നിവരെ പിന്തള്ളിയാണ് വാൻ ഡൈക് അവാർഡ് സ്വന്തമാക്കിയത്.
2018 ജനുവരിയിലാണ് റെക്കോർഡ് തുകക്ക് വാൻ ഡൈക് സൗത്താംപ്ടണിൽ നിന്ന് ലിവർപൂളിൽ എത്തുന്നത്. വാൻ ഡൈകിന്റെ മികവിൽ ലിവർപൂൾ ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിയിരുന്നു. സീസണിൽ നാല് ഗോളുകളും പ്രീമിയർ ലീഗിൽ താരം നേടിയിരുന്നു. കൂടാതെ 20 മത്സരങ്ങളിൽ ക്‌ളീൻ ഷീറ്റ് സ്വന്തമാക്കാനും താരത്തിനായി. നേരത്തെ പി.എഫ്.എയുടെ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും ലിവർപൂൾ പ്രതിരോധ താരത്തെ തേടിയെത്തിയിരുന്നു. പ്രീമിയർ ലീഗ് ആരാധകരുടെയും 20 പ്രീമിയർ ലീഗ് ക്ലബ്ബിന്റെ ക്യാപ്റ്റന്മാരുടെയും ഫുട്ബോൾ നിരീക്ഷകരുടെയും വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിൽ മറ്റൊരു ലിവർപൂൾ താരമായ മുഹമ്മദ് സലയായിരുന്നു ജേതാവ്.