വാൻ ഡെ ബീകിന്റെ കഷ്ടകാലം തുടരുന്നു, യൂറോ കപ്പ് നഷ്ടമാകും

ഹോളണ്ടിന്റെ യുവതാരം വാൻ ഡെ ബീക് യൂറോ കപ്പിന് ഉണ്ടാകില്ല. പരിക്ക് കാരണം അവസാന രണ്ട് ആഴ്ചയോളമായി കഷ്ടപ്പെടുന്ന താരത്തിന് യൂറോ കപ്പിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാൻ ആകില്ല എന്ന് ഉറപ്പായതോടെയാണ് താരത്തെ ഹോളണ്ട് സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തത്. ഹോളണ്ടിന്റെ ജോർജിയക്കും സ്കോട്ലൻഡിനും എതിരായ സന്നാഹ മത്സരങ്ങളിൽ വാൻ ഡെ ബീക് കളിച്ചിരുന്നില്ല.

വാൻ ഡെ ബീകിനു പകരം ആരെയും സ്ക്വാഡിൽ എടുക്കുന്നില്ല എന്ന് പരിശീലകൻ ഫ്രാങ്ക് ഡി ബോർ തീരുമാനിച്ചു. 25 അംഗ സ്ക്വാഡുമായാകും ഹോളണ്ട് യൂറോ കപ്പ് കളിക്കുക. ഉക്രൈന് എതിരായ ആദ്യ മത്സരം വരെ ഹോളണ്ടിന് പകരക്കാരനെ ടീമിലെടുക്കാൻ അവസരം ഉണ്ട്. ഈ യൂറോ കപ്പ് നഷ്ടമാകുന്നത് വാൻ ഡെ ബീകിന് വലിയ തിരിച്ചടിയാകും. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം വളരെ മോശം സീസണായിരുന്നു വാൻ ഡെ ബീകിന്. ആ മോശം ഫോമിൽ നിന്ന് യൂറോ കപ്പിലൂടെ കരകയറാമെന്നാണ് താരം ധരിച്ചിരുന്നത്. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസണിലാകും വാൻ ഡെ ബീകിനെ കാണുക.