മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവഗണനയ്ക്ക് അവസാനം. ഡച്ച് യുവതാരം വാൻ ഡെ ബീക് എവർട്ടണിൽ എത്തി. മാഞ്ചസ്റ്ററിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് വാൻ ഡെ ബീക് എവർട്ടണിലേക്ക് എത്തിയത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. രണ്ട് സീസൺ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ വാൻ ഡെ ബീകിന് തന്റെ കഴിവ് തെളിയിക്കാൻ ഒരിക്കലും അവസരം ലഭിച്ചിരുന്നില്ല. ഒലെ പരിശീലകനായിരുന്നപ്പോഴും റാൾഫ് എത്തിയപ്പോഴും വാൻ ഡെ ബീക് ബെഞ്ചിൽ തന്നെ ഇരിക്കുക ആയിരുന്നു.
Donny van de Beek is a Blue! 🔵✍️ pic.twitter.com/Aiv8PfFT3Z
— Everton (@Everton) January 31, 2022

ആകെ 580 മിനുട്ട് പ്രീമിയർ ലീഗ് ഫുട്ബോൾ മാത്രമാണ് ഒന്നര വർഷത്തിൽ വാൻ ഡെ ബീക് കളിച്ചത്. ലമ്പാർഡ് ചുമതലയേറ്റ എവർട്ടണിൽ വാൻ ഡെ ബീകിന് കൂടുതൽ അവസരങ്ങൾ കിട്ടും. ലമ്പാർഡിന് കീഴിൽ കളിക്കുന്നതിൽ സന്തോഷം ഉണ്ട് എന്ന് വാൻ ഡെ ബീക് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. ലമ്പാർഡ് തന്റെ അതേ പൊസിഷനിൽ കളിച്ച താരമാണെന്നും അദ്ദേഹത്തിന് എന്നെ കൂടുതൽ മനസ്സിലാക്കാൻ ആകും എന്നും വാൻ ഡെ ബീക് പറഞ്ഞു. ലോൺ കാലാവധി കഴിഞ്ഞാൽ വാൻ ഡെ ബീക് തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ പോകും.














