ഒരിടവേളക്ക് ശേഷം വീണ്ടും പരിശീലക സ്ഥാനത്തേക്ക് മടങ്ങി എത്തുകയാണ് ഏണെസ്റ്റോ വാൽവെർഡെ.തന്റെ മുൻ ക്ലബ്ബ് കൂടിയായ അത്ലറ്റിക് ബിൽബാവോ പരിശീലക സ്ഥാനത്തേക്കാണ് ഏണെസ്റ്റോ വാൽവെർഡെ എത്തുന്നത്.ടീം പ്രെസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോൺ ഉറിയാർത്തെ ഇതോടെ മുൻ കോച്ചിനെ ടീമിൽ തിരിച്ചെത്തിക്കുമെന്ന തന്റെ വാഗ്ദാനം നിറവേറ്റി.ബാഴ്‌സലോണയിൽ നിന്നും പുറത്തു വന്ന ശേഷം അൻപതിയെട്ടുകാരൻ മറ്റ് ടീമുകളുടെ ഒന്നും സ്ഥാനം ഏറ്റെടുത്തിരുന്നില്ല.
അത്ലറ്റിക് ബിൽബാവോയുമായി വാൽവെർഡെക്ക് അഭേദ്യമായ ബന്ധമാണുള്ളത്. ആറു വർഷത്തോളം കളിക്കാരനെന്ന നിലയിൽ ടീമിൽ ഉണ്ടായിരുന്നു.പിന്നീട് യൂത്ത് ടീമിന്റെ കൂടെയും ശേഷം മുഖ്യ ടീമിന്റെ കൂടെ സഹപരിശീലക സ്ഥാനത്തും പ്രവർത്തിച്ചു.2002-03 കാലഘട്ടത്തിലാണ് ആദ്യമായി ടീമിന്റെ മാനേജർ ആവുന്നത്. പിന്നീട് വരവ് 2013 മുതൽ 2017 വരെയുള്ള കാലത്ത് വീണ്ടും ടീം മാനേജർ ആയി തിരിച്ചെത്തി.
ആകെ 306 മത്സരങ്ങളിൽ ടീമിനെ ഒരുക്കി.31 വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിന് ഒരു ട്രോഫി നേടിക്കൊടുക്കാനും വാൽവെർഡെക്ക് സാധിച്ചു. ബാഴ്‌സലോണയെ തോൽപ്പിച്ചു സൂപ്പർകോപ്പ സ്വന്തമാക്കിയിട്ടായിരുന്നു ഇത്. ബാഴ്‌സലോണക്കൊപ്പം രണ്ടു ലീഗ് കിരീടങ്ങളും കോപ്പ ഡെൽ റേ, സൂപ്പർ കോപ്പ എന്നിവയും നേടാൻ സാധിച്ചു.
ടീമിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരിശീലിപ്പിച്ചു പരിചയമുള്ള വാൽവെർഡെ തിരിച്ചെത്തുന്നതോടെ ടീമിന് കൂടുതൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പുതിയ ടീം മാനേജ്‌മെന്റ്.