പുതിയ ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ചെന്നൈയിൻ എഫ് സിക്ക് ഒരു തിരിച്ചടി കൂടെ. അവരുടെ പരിശീലകൻ ഓവൻ കോയ്ലിനു പിന്നാലെ അവരുടെ സ്റ്റാർ സ്ട്രൈക്കറെയും അവർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഓവൻ കോയ്ലിനെ സ്വന്തമാക്കിയ ജംഷദ്പൂർ എഫ് സി തന്നെയാണ് വാൽസ്കിസിനെയും സ്വന്തമാക്കിയത്. താരം ജംഷദ്പൂരുമായി രണ്ട് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്.
ഈ കഴിഞ്ഞ ഐ എസ് എല്ലിലെ ഗോൾഡൻ ബൂട്ട് ജേതാവാണ്. വാൽസ്കിസ്. ചെന്നൈയിൻ എഫ് സി താരത്തിന് വാഗ്ദാനം ചെയ്ത പുതിയ ഓഫർ താരം നിരസിക്കുകയായിരുന്നു. ഈ കഴിഞ്ഞ ഐ എസ് എൽ ഫൈനലിൽ അടക്കം 15 ഗോളുകൾ വാൽസ്കിസ് അടിച്ചു കൂട്ടിയിരുന്നു. ആറ് അസിസ്റ്റും താരം സംഭാവന നൽകി.
ലിത്വാനിയൻ സ്ട്രൈക്കറായ നെരിജുസ് വാൽസ്കിസ് കഴിഞ്ഞ സീസൺ തുക്കത്തിൽ ആണ് ചെന്നൈയിനിൽ എത്തിയത്. ഇസ്രായേൽ ക്ലബായ ഹാപോൽ ടെൽ അവീവിലായിരുന്നു ഇതിനു മുമ്പ് വാൽസ്കിസ് കളിച്ചിരുന്നത്. ഇസ്രായീലി ക്ലബായ യഹൂദ, തായ് ക്ലബായ റചാബുരി എന്നിവർക്കായും കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമായിരുന്ന താരം രാജ്യത്തിനായി ഇരുപതിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.