ബിഹാറിന്റെ 14-കാരനായ ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ വൈഭവ് സൂര്യവംശി, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (എസ്.എം.എ.ടി) സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ചരിത്രം കുറിച്ചു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മഹാരാഷ്ട്രയ്‌ക്കെതിരെ നടന്ന മത്സരത്തിൽ വെറും 58 പന്തിൽ നിന്നാണ് വൈഭവ് ഈ നേട്ടം സ്വന്തമാക്കിയത്.

ഏഴ് ഫോറുകളും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 20-ാം ഓവറിലെ ആദ്യ പന്തിൽ സിക്സർ അടിച്ചാണ് വൈഭവ് സെഞ്ച്വറി പൂർത്തിയാക്കിയത്. 60 പന്തിൽ നിന്ന് പുറത്താകാതെ 108 റൺസ് നേടിയ വൈഭവ്, ബിഹാറിനെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചു.
ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ താരതമ്യേന മോശം പ്രകടനമായിരുന്നുവെങ്കിലും, ബിഹാർ വൈസ് ക്യാപ്റ്റൻ കൂടിയായ വൈഭവ് ഈ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ആയുഷ് ലോഹറുകയുമായി ചേർന്ന് നാലാം വിക്കറ്റിൽ 75 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്താനും ഈ യുവതാരത്തിന് കഴിഞ്ഞു.
ഡിസംബർ 12-ന് ദുബായിൽ ആരംഭിക്കുന്ന അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യ അണ്ടർ-19 ടീമിനായി വൈഭവ് കളിക്കാൻ ഒരുങ്ങുകയാണ്.














