ഈ വർഷത്തെ യു.എസ് ഓപ്പൺ കിരീടം ഉയർത്തി രണ്ടാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീം. തീർത്തും അവിശ്വസനീയം എന്നു വിളിക്കാവുന്ന വിധം തിരിച്ചു വന്നാണ് ഓസ്ട്രിയൻ താരം തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടനേട്ടം സ്വന്തമാക്കിയത്. ജർമ്മൻ താരവും അഞ്ചാം സീഡും ആയ അലക്‌സാണ്ടർ സാഷ സെരവിനു എതിരെ ആദ്യ 2 സെറ്റുകൾ കൈവിട്ട ശേഷം മൂന്നാം സെറ്റിൽ ബ്രൈക്ക് പോയിന്റ് വഴങ്ങി പിന്നിൽ നിന്ന ശേഷം ആണ് തീം തിരിച്ചു വന്നു കിരീടം ഉയർത്തിയത്. 1949 തിനു ശേഷം ആദ്യമായാണ് യു.എസ് ഓപ്പണിൽ ആദ്യ രണ്ടു സെറ്റ് തോറ്റ ശേഷം തിരിച്ചു വന്നു ഒരാൾ കിരീടം നേടുന്നത്. ഇതോടെ 2014 നു ശേഷം ടെന്നീസ് പുരുഷ വിഭാഗത്തിൽ പുതിയ ഒരു ഗ്രാന്റ് സ്‌ലാം ജേതാവ് ഉണ്ടായി. കൂടാതെ 2016 നു ശേഷം ഇത് ആദ്യമായാണ് ഫെഡറർ, നദാൽ, ജ്യോക്കോവിച്ച് എന്നിവർ അല്ലാതെ ഒരു താരം ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തുന്നത്. 27 കാരൻ ആയ തീം ഗ്രാന്റ് സ്‌ലാം കിരീടം നേടുന്ന രണ്ടാമത്തെ മാത്രം ഓസ്ട്രിയൻ താരം ആണ്, യു.എസ് ഓപ്പൺ നേടുന്ന ആദ്യ ഓസ്ട്രിയൻ താരവും. തോറ്റു എങ്കിലും മികച്ച പ്രകടനം തന്നെയാണ് 23 കാരൻ ആയ സെരവ് പുറത്ത് എടുത്തത്.
ആദ്യ സെറ്റ് മുതൽ തീമിനെ ഞെട്ടിക്കുന്ന പ്രകടനം ആണ് അലക്‌സാണ്ടർ സെരവിൽ നിന്ന് ഉണ്ടായത്. ആദ്യ സെറ്റിൽ തീമിന്റെ രണ്ടാം സർവീസ് തന്നെ ബ്രൈക്ക് ചെയ്തു സെരവ്. പലപ്പോഴും സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തുന്നതിൽ പ്രസിദ്ധനായ സെരവിനു പകരം കൂടുതൽ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തുന്ന തീമിനെ ആണ് ഈ സെറ്റിൽ കാണാൻ സാധിച്ചത്. തീമിന്റെ പിഴവുകൾ മുതലെടുത്ത സെരവ് ഒരിക്കൽ കൂടി തീമിനെ ബ്രൈക്ക് ചെയ്ത് സെറ്റ് 6-2 നു സ്വന്തമാക്കി. രണ്ടാം സെറ്റിലെ ആദ്യ സർവീസ് ഗെയിമിൽ തന്നെ ഇരട്ടപ്പിഴവ് വരുത്തിയ തീം സാഷക്ക് ബ്രൈക്ക് പോയിന്റിനുള്ള അവസരം നൽകി. ഇത് രക്ഷിക്കാൻ തീമിനു ആയെങ്കിലും അടുത്ത സർവീസിൽ ജർമ്മൻ താരം ബ്രൈക്ക് കണ്ടത്തുക തന്നെ ചെയ്തു. സാഷ നന്നായി സർവ് ചെയ്തപ്പോൾ തീമിന്റെ സർവീസുകളിൽ നിരന്തരം സാഷ പഴുതുകൾ കണ്ടത്തി. ഒരിക്കൽ കൂടി സെറ്റിൽ ബ്രൈക്ക് കണ്ടത്താൻ അഞ്ചാം സീഡിന് ആയി.
അതിനു ശേഷം തന്റെ സർവീസിൽ മൂന്നു സെറ്റ് പോയിന്റുകൾ ആണ് തീം രക്ഷിച്ചത്. തുടർന്നു സർവീസ് ഇരട്ടപ്പിഴവുകളിലൂടെ സെരവ് ബ്രൈക്ക് നേടാനുള്ള അവസരം നൽകിയപ്പോൾ അത് മുതലെടുത്ത തീം മത്സരത്തിൽ ആദ്യമായി സെരവിനെ ബ്രൈക്ക് ചെയ്തു. എന്നാൽ അടുത്ത സർവീസ് നിലനിർത്തിയ സെരവ് സെറ്റ് 6-4 നു ജയിച്ച് കിരീടം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ തീമിന്റെ രണ്ടാം സർവീസ് ഗെയിമിൽ സെരവ് ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ചു. 2 ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ രണ്ടാം സീഡിന് ആയെങ്കിലും സെരവ് ബ്രൈക്ക് കണ്ടത്തുക തന്നെ ചെയ്തു. എന്നാൽ തൊട്ടടുത്ത സർവീസിൽ രണ്ടു തവണ ഇരട്ടപ്പിഴവുകൾ വരുത്തിയ സെരവ് തീമിനു ബ്രൈക്ക് ചെയ്യാനുള്ള അവസരങ്ങൾ നൽകി. മൂന്നു തവണ ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ സെരവിനു ആയെങ്കിലും ഒടുവിൽ തീം ബ്രൈക്ക് കണ്ടത്തി സെറ്റിൽ ഒപ്പമെത്തി.
മൂന്നാം സെറ്റിൽ വീണ്ടും ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച തീം ഒരിക്കൽ കൂടി സെരവിനെ ബ്രൈക്ക് ചെയ്തു. സെറ്റ് 6-4 നു സ്വന്തമാക്കിയ തീം മത്സരം നാലാം സെറ്റിലേക്ക് നീട്ടി. മത്സരത്തിൽ കൂടുതൽ മികവിലേക്ക് ഉയർന്നു ശക്തനാകുന്ന തീമിനെ കണ്ടപ്പോൾ സെരവിൽ നിന്നു കൂടുതൽ പിഴവുകൾ ഉണ്ടായി. ഉജ്ജ്വലമായി കളിച്ച തീം നാലാം സെറ്റിൽ ആദ്യം തന്നെ ബ്രൈക്ക് പോയിന്റുകൾ ഉണ്ടാക്കിയെങ്കിലും 2 തവണ ബ്രൈക്ക് പോയിന്റ് രക്ഷിച്ചു സെരവ്. എന്നാൽ സെറ്റിൽ വീണ്ടുമൊരിക്കൽ കൂടി ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ച തീം അത് മുതലാക്കി നാലാം സെറ്റിനായി സർവീസ് ചെയ്യാൻ ആരംഭിച്ചു. ആ സർവീസ് നിലനിർത്തി സെറ്റ് 6-3 നു നേടിയ തീം മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. തുടർച്ചയായ നാലാം ഗ്രാന്റ് സ്‌ലാം ഫൈനലും അഞ്ചാം സെറ്റിലേക്ക്.
നാടകീയത കൊണ്ട് സമ്പന്നമായിരുന്നു അഞ്ചാം സെറ്റ്. സെറ്റിലെ ആദ്യ സർവീസിൽ തന്നെ സെരവിനെ ബ്രൈക്ക് ചെയ്ത തീം മത്സരം തന്റെ പേരിൽ ആക്കും എന്നു തോന്നിച്ചു. എന്നാൽ തീമിന്റെ തൊട്ടടുത്ത സർവീസ് ബ്രൈക്ക് ചെയ്ത സാഷ മത്സരത്തിൽ താൻ ഉള്ളത് ഉറക്കെ വിളിച്ച് പറഞ്ഞു. തീം കൂടുതൽ തളർന്നത് ആയി കണ്ടപ്പോൾ സമ്മർദ്ദം ആയിരുന്നു സാഷയുടെ മുഖത്ത് അധികവും. തുടർന്നു തീമിന്റെ സർവീസിൽ ബ്രൈക്ക് കണ്ടത്തിയ സാഷ കിരീടം വെറും ഒരു സർവീസ് അകലെയാക്കി. എന്നാൽ പിഴവുകൾ സെരവിനു വിനയായപ്പോൾ ബ്രൈക്ക് തിരിച്ചു പിടിച്ച തീം മത്സരത്തിൽ ഒരിക്കൽ കൂടി തിരിച്ചു വന്നു. സെരവിനു ഇരട്ടപ്പിഴവുകൾ വീണ്ടും വിനയാവുന്നത് കണ്ടപ്പോൾ ഇത്തവണ തീമിന്റെ ഊഴം ആയിരുന്നു ബ്രൈക്ക് ചെയ്യാൻ. ഇതോടെ മത്സരം സ്വന്തമാക്കാൻ തീമിനു ഒരു സർവീസ് മാത്രം മതി എന്നായി. അവസാന സർവീസിന് മുമ്പ് നന്നായി തളർന്ന തീം കുറച്ച് സമയം ട്രൈനരുടെ സഹായവും തേടി.
എന്നാൽ വിട്ട് കൊടുക്കാൻ ഒരുക്കമല്ലാത്ത സെരവ് മത്സരത്തിനായി സർവീസ് ചെയ്യുന്ന തീമിനു എതിരെ ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ചു. ഒരു ബ്രൈക്ക് രക്ഷിക്കാൻ തീമിനു ആയെങ്കിലും സർവീസ് ബ്രേക്ക് കണ്ടത്തിയ സെരവ് മത്സരം ടൈബ്രേക്കറിലേക്ക് നീട്ടി. യു.എസ് ഓപ്പണിൽ ഇത് ആദ്യമായാണ് പുരുഷ വിഭാഗം ജേതാവിനെ ടൈബ്രേക്കറിലൂടെ തിരഞ്ഞെടുക്കുന്നത്. ടൈബ്രേക്കറിൽ വീണ്ടും ഇരട്ടപ്പിഴവുകൾ വരുത്തുന്ന സെരവിനെ കാണാൻ ആയി. എന്നാൽ ടൈബ്രേക്കറിൽ 6-4 ൽ നിന്നു രണ്ടു ചാമ്പ്യൻഷിപ്പ് പോയിന്റുകൾ ആണ് സെരവ് രക്ഷിച്ചത്. എന്നാൽ ഒരിക്കൽ കൂടി ചാമ്പ്യൻഷിപ്പ് പോയിന്റ് സൃഷ്ടിച്ച തീം ടൈബ്രേക്കറിലൂടെ മത്സരം ജയിച്ച് ചരിത്രം എഴുതി.
നാലു മണിക്കൂറിൽ ഏറെയാണ് ഈ കടുത്ത പോരാട്ടം നീണ്ടു നിന്നത്. മത്സരത്തിൽ 15 പ്രാവശ്യം ഏസ് ഉതിർത്ത സെരവ് വരുത്തിയ 15 ഇരട്ടപ്പിഴവുകൾ മത്സരത്തിൽ സെരവിന്റെ തോൽവിയിൽ നിർണായകമായി. എങ്കിലും ഭാവിയിൽ താൻ കിരീടം ഉയർത്തും എന്ന വലിയ സൂചന തന്നെ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിൽ സെരവ് നൽകി. തന്റെ നാലാം ഗ്രാന്റ് സ്‌ലാം ഫൈനലിൽ ആദ്യ കിരീടം ഉയർത്താൻ ആയത് തീമിനു വലിയ നേട്ടം തന്നെയാണ്. തീമിനെ വെറും കളിമണ്ണ് കോർട്ട് സ്‌പെഷ്യലിസ്റ്റ് എന്നു വിളിക്കുന്നവർക്ക് ശക്തമായ മറുപടി കൂടിയായി ഇത്. ബിഗ് 3 അടക്കി വാണ പുരുഷ ടെന്നീസിൽ പുതിയ ജേതാവ് പിറന്നത് ഭാവിയിൽ എന്ത് മാറ്റം ആണ് കൊണ്ടു വരിക എന്ന ആകാംക്ഷയിൽ ആണ് ടെന്നീസ് ആരാധകർ. അഭിനന്ദനങ്ങൾ ഡൊമിനിക് തീം.