2020 തിലെ യു.എസ് ഓപ്പൺ കിരീടം നാലാം സീഡ് ആയ ജപ്പാൻ താരം നയോമി ഒസാക്കക്ക്. ആവേശകരമായ ഫൈനലിൽ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് വിക്ടോറിയ അസരങ്കക്ക് എതിരെ 22 കാരിയായ ഒസാക്ക ജയം കണ്ടത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടവും രണ്ടാം യു.എസ് ഓപ്പൺ കിരീടവും ആണ് ഒസാക്കക്ക് ഇത്. കളിച്ച 3 ഗ്രാന്റ് സ്‌ലാം ഫൈനലിലും ജയം കാണാൻ താരത്തിന് ആയി. അതേസമയം യു.എസ് ഓപ്പൺ ഫൈനലിൽ മൂന്നാം തവണയാണ് അസരങ്ക പരാജയം വഴങ്ങുന്നത്. എന്നാൽ സീഡ് ചെയ്യാതെ 7 വർഷങ്ങൾക്ക് ശേഷം അമ്മയായ ശേഷം ഫൈനലിൽ എത്താൻ ആയത് തന്നെ അസരങ്കക്ക് നേട്ടം ആണ്. സിൻസിനാറ്റി ഫൈനലിൽ പരിക്കേറ്റു പുറത്ത് പോയി അസരങ്കക്ക് മുമ്പിൽ കിരീടം കൈവിടേണ്ടി വന്ന ഒസാക്കക്ക് ഈ കിരീടനേട്ടം മധുര പ്രതികാരവും ആയി.
ആദ്യ സെറ്റിൽ ഒസാക്കയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്താണ് അസരങ്ക തുടങ്ങിയത്. തുടർന്നും സർവീസിൽ ഇരട്ടപ്പിഴവുകൾ അടക്കം വഴങ്ങിയ ഒസാക്കയെ പിന്നീട് രണ്ടു പ്രാവശ്യം കൂടി അസരങ്ക ബ്രൈക്ക് ചെയ്തപ്പോൾ സെറ്റ് 6-1 നു അസരങ്ക 26 മിനിറ്റിനുള്ളിൽ സ്വന്തമാക്കി. രണ്ടാം സെറ്റിലും തുടക്കത്തിൽ ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിക്കുന്ന അസരങ്കയെ ആണ് കാണാൻ ആയത്. ബ്രൈക്ക് പോയിന്റ് രക്ഷിക്കാൻ ഒസാക്കക്ക് ആയെങ്കിലും ഒസാക്ക ബ്രൈക്ക് വഴങ്ങുന്നത് ആണ് രണ്ടാം സെറ്റിലും കാണാൻ ആയത്. എന്നാൽ അടുത്ത സർവീസിൽ തന്നെ അസരങ്കയെ ബ്രൈക്ക് ചെയ്ത ഒസാക്ക മത്സരത്തിൽ തിരിച്ചു വരവിനുള്ള സൂചന നൽകി.
പതുക്കെ മത്സരത്തിൽ താളം കണ്ടത്തിയ ഒസാക്ക ഒരിക്കൽ കൂടി സെറ്റിൽ ബ്രൈക്ക് കണ്ടത്തി. മൂന്നാമത് ഒരിക്കൽ കൂടി ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ച ഒസാക്ക സെറ്റ് പോയിന്റ് കണ്ടത്തി. ഒരു സെറ്റ് പോയിന്റ് രക്ഷിക്കാൻ അസരങ്കക്ക് ആയി എങ്കിലും ആ സർവീസ് ബ്രൈക്ക് ചെയ്തു ഒസാക്ക സെറ്റ് 6-3 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ ഇരു താരങ്ങളും കൂടുതൽ സമ്മർദ്ദത്തിൽ ആവുന്നതും പിഴവ് വരുത്തുന്നതും കാണാൻ ആയി. രണ്ടാമത്തെ സർവീസ് ഗെയിമിൽ അസരങ്ക ഇരട്ടപ്പിഴവ് അടക്കം വരുത്തിയപ്പോൾ ഒസാക്ക ബ്രൈക്ക് സ്വന്തമാക്കി. എന്നാൽ തൊട്ട് അടുത്ത സർവീസിൽ 3 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച അസരങ്ക ബ്രൈക്ക് ബാക്ക് ചെയ്യും എന്ന് തോന്നിച്ചു എങ്കിലും ഒസാക്ക അവ രക്ഷിച്ച് എടുത്തു. 2 പോയിന്റുകൾ മാത്രം അകലെയായി ഒസാക്കക്ക് കിരീടം.
അസരങ്കയുടെ അടുത്ത സർവീസ് ഗെയിമിൽ കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. ഏതാണ്ട് 8 മിനിറ്റ് നീണ്ട ഈ ഗെയിമിൽ 4 ബ്രൈക്ക് പോയിന്റുകൾ ആണ് അസരങ്ക രക്ഷിച്ചത്. എന്നാൽ ഒസാക്കയുടെ അടുത്ത സർവീസ് ഭേദിച്ച അസരങ്ക ജപ്പാൻ താരത്തെ ഞെട്ടിച്ചു. എന്നാൽ അസരങ്കയെ അടുത്ത സർവീസിൽ തന്നെ ബ്രൈക്ക് ചെയ്ത ഒസാക്ക കിരീടം ഒരു സർവീസ് മാത്രം ദൂരെയാക്കി. ഒസാക്കയുടെ അടുത്ത സർവീസ് ഗെയിമിൽ ഒരു ചാമ്പ്യൻഷിപ്പ് പോയിന്റ് രക്ഷിക്കാൻ അസരങ്കക്ക് ആയെങ്കിലും 6-3 നു സെറ്റ് കയ്യിലാക്കി ഒസാക്ക തന്റെ രണ്ടാം യു.എസ് ഓപ്പൺ കിരീടം ഉയർത്തി.
രണ്ടാം സെറ്റിലെ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് അടക്കം പലതും അസരങ്കക്ക് വിനയായി. തോറ്റെങ്കിലും തല ഉയർത്തി ആണ് അസരങ്ക കളം വിട്ടത്. കളത്തിൽ കളിമികവ് കൊണ്ടും കളത്തിനു പുറത്ത് സാമൂഹിക ഉന്നമനത്തിനായുള്ള തന്റെ പ്രവർത്തികൾ കൊണ്ടും വീണ്ടും വീണ്ടും കയ്യടികൾ നേടുകയാണ് ഒസാക്ക. ടൂർണമെന്റിൽ ആദ്യ റൗണ്ട് മുതൽ ഫൈനൽ വരെ കളിച്ച 7 മത്സരങ്ങളിലും കറുത്ത വർഗ്ഗക്കാർ ആയതിനാൽ അമേരിക്കയിൽ പോലീസ് അതിക്രമങ്ങൾക്ക് ഇരയായ ആളുകളുടെ പേരുകൾ എഴുതിയ മാസ്ക് ധരിച്ച് കളത്തിൽ എത്തിയ ഒസാക്ക വലിയ പ്രതിഷേധ ശബ്ദം ആണ് ഉയർത്തിയത്. കൊറോണ ദുഷ്കരമാക്കിയ യു.എസ് ഓപ്പണിൽ മികച്ച ഫൈനൽ തന്നെയായിരുന്നു ഇത്.