യു.എസ് ഓപ്പണിൽ വമ്പൻ അട്ടിമറി. മൂന്നാം സീഡും ഗ്രീക്ക് താരവും ആയ സ്റ്റെഫനോസ് സിറ്റിപാസിനെ മൂന്നാം റൗണ്ടിൽ അട്ടിമറിച്ചു 18 കാരനായ സ്പാനിഷ് യുവ താരം കാർലോസ് അൽകാരസ് ഗാർഫിയ. 5 സെറ്റ് നീണ്ട മികച്ച മത്സരത്തിൽ ആണ് സീഡ് ചെയ്യാത്ത കാർലോസ് ഗ്രീക്ക് താരത്തെ വീഴ്ത്തിയത്. ആദ്യ സെറ്റ് 6-3 നു നേടിയ കാർലോസ് സിറ്റിപാസിനെ ആദ്യം തന്നെ സമ്മർദ്ദത്തിലാക്കി. എന്നാൽ രണ്ടാം സെറ്റ് 6-4 നു നേടിയ സിറ്റിപാസ് മത്സരത്തിൽ തിരിച്ചടിച്ചു. അതിശക്തമായ പോരാട്ടം കണ്ട മൂന്നാം സെറ്റിൽ ടൈബ്രേക്കറിൽ സെറ്റ് പിടിച്ച കാർലോസിനെ പക്ഷെ നാലാം സെറ്റിൽ തീർത്തും അപ്രസക്തമാക്കി സിറ്റിപാസ്. മൂന്നാം സെറ്റിൽ 2-5 നു പിറകിൽ നിന്നാണ് കാർലോസ് സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടിയത്. ഒരു ഗെയിം പോലും നൽകാതെ 6-0 നു നാലാം സെറ്റ് നേടിയ സിറ്റിപാസിനെതിരെ പോരാട്ടം കൈവിടാത്ത കാർലോസ് അഞ്ചാം സെറ്റിൽ കടുത്ത പോരാട്ടം തന്നെ പുറത്ത് എടുത്തു. അഞ്ചാം സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ടപ്പോൾ ഇത്തവണ കണ്ടത് കൂടുതൽ ശക്തമായ പോരാട്ടം എന്നാൽ ഇത്തവണയും ടൈബ്രേക്കർ നേടിയ സ്പാനിഷ് യുവ താരം അവിശ്വസനീയമായ അട്ടിമറി പൂർത്തിയാക്കി. സ്പാനിഷ് യുവ താരത്തിന്റെ കരിയറിലെ ഇത് വരെയുള്ള ഏറ്റവും വലിയ ജയം ആണിത്. ആർതർ ആഷെയിലെ കാണികൾ കാർലോസിന് വലിയ പിന്തുണ ആണ് നൽകിയത്.
സ്പാനിഷ് താരം പാബ്ലോയെ 6-0, 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് തകർത്തു നാലാം റൗണ്ടിലേക്ക് മുന്നേറിയ റഷ്യയുടെ രണ്ടാം സീഡ് ഡാനിൽ മെദ്വദേവ് അനായാസ ജയമാണ് മൂന്നാം റൗണ്ടിൽ നേടിയത്. എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്ത മെദ്വദേവ് തന്റെ മികവ് ഇത്തവണയും തുടർന്നു. സെർബിയൻ താരം അലക്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയ അർജന്റീനൻ താരവും 11 സീഡും ആയ ഡീഗോ ഷ്വാർട്ട്സ്മാനും നാലാം റൗണ്ടിൽ എത്തി. 6-4, 6-3, 6-3 എന്ന സ്കോറിന് ആണ് ഡീഗോ ജയിച്ചത്. അതേസമയം 18 സീഡ് റോബർട്ടോ അഗ്യുറ്റിനെതിരെ 5 സെറ്റ് കടുത്ത പോരാട്ടം ആണ് 12 സീഡ് ഫെലിക്‌സ് ആഗർ അലിയാസമെ നേരിട്ടത്. ആദ്യ രണ്ടു സെറ്റുകൾ ഫെലിക്‌സും തുടർന്ന് 2 സെറ്റു അഗ്യുറ്റും നേടിയ മത്സരത്തിൽ അവസാന സെറ്റ് 6-3 നു നേടി ഫെലിക്‌സ് ജയം കണ്ടു. മത്സരത്തിൽ 27 ഏസുകൾ ആണ് ഫെലിക്‌സ് ഉതിർത്തത്. ഓസ്‌ട്രേലിയൻ താരം 5 സെറ്റിൽ തോൽപ്പിച്ച 24 സീഡ് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസും നാലാം റൗണ്ടിൽ എത്തി. ആദ്യ രണ്ടു സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നാണ് ഇവാൻസ് ജയം കണ്ടത്.