ഉറുഗ്വേയുടെ പരിശീലകനായ ഓസ്കാർ തെബാരസ് ഒരു നാഴികക്കല്ലു മറികടക്കുന്നതിന്റെ വക്കിലാണ്. നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ തെബാരസ് ഉറുഗ്വേയെ പെറുവിനെതിരെ അണിനിരത്തുമ്പോൾ അത് അദ്ദേഹത്തെ ഉറുഗ്വേയും ഒന്നിച്ചുള്ള 200ആം മത്സരമായിരിക്കും. 72കാരനായ തെബാരസ് അവസാന 13 വർഷങ്ങളായി ഉറുഗ്വേയെ പരിശീലിപ്പിക്കുകയാണ്.
അസുഖമുള്ളതിനാൽ നടക്കാനും നിൽക്കാനും ക്രച്ചസിന്റെ സഹായം ആവശ്യമുണ്ടെങ്കിലും അതൊന്നും തെബാരസിനെ ഉറുഗ്വേയ്ക്കായി തന്ത്രങ്ങൾ മെനയുന്നതിൽ നിന്ന് തടയുന്നില്ല. 2022 ലോകകപ്പ് വരെ തെബാരസിന് ഉറുഗ്വേയ്ക്ക് ഒപ്പം കരാറുണ്ട്. ഒരു ദേശീയ ടീമിനെ ഏറ്റവും കൂടുതൽ കാലം പരിശീലിപ്പിച്ചു എന്നതിൽ തെബാരസിന് നേരത്തെ തന്നെ റെക്കോർഡ് ഉണ്ട്.
2011ൽ കോപ അമേരിക്ക നേടിയതും, 2010ൽ ലോകകപ്പ് സെമിയിൽ ഉറുഗ്വേയെ എത്തിച്ചതുമാണ് തെബാരസിന്റെ വലിയ നേട്ടങ്ങൾ. മുമ്പ് 1988-90 കാലഘട്ടത്തിലും തെബാരസ് ഉറുഗ്വേയെ പരിശീലിപ്പിച്ചിട്ടുണ്ട്.