ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയും ഉറുഗ്വേയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഇന്ന് ഗോൾ നേടിയില്ല.
ഇന്ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഉറുഗ്വേ ദക്ഷിണ കൊറിയ പോരാട്ടം അത്ര ആവേശകരം ആയിരുന്നില്ല. ഒരു ടീമുകളും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ട ആദ്യ പകുതിയിൽ പിറന്ന ഏറ്റവും നല്ല അവസരം ഗോഡിന്റെ ഒരു ഗെഡർ ആയിരുന്നു. ഉറുഗ്വേ സെന്റർ ബാക്കിന്റെ ഹെഡർ പോസ്റ്റിൽ തട്ടി ആണ് മടങ്ങിയത്. സുവാരസും പെലിസ്ട്രിയും നൂനിയസും ആയിരുന്നു ഊറുഗ്വേയുടെ അറ്റാക്കിൽ ഉണ്ടായിരുന്നത്. സുവാരസ് ആദ്യ പകുതിയിൽ കാര്യമായ ഒരു ചലനവും ഉണ്ടാക്കിയില്ല.
രണ്ടാം പകുതിയിൽ സുവാരസിന് പകരം ഉറുഗ്വേ കവാനിയെ കളത്തിൽ ഇറക്കി. കവാനിക്കും ദക്ഷിണ കൊറിയൻ ഡിഫൻസിനെ ഭയപ്പെടുത്താൻ ആയില്ല. ദക്ഷിണകൊറിയ സോണിനെ ആശ്രയിച്ചായിരുന്നു അവരുടെ പല നീക്കങ്ങളും നടത്തിയത്. രണ്ടാം പകുതിയിൽ ദക്ഷിണകൊറിയക്ക് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയി. 90ആം മിനുട്ടിൽ വാൽവെർദെയുടെ ഒരു ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടി പുറത്ത് പോയി.ഇതിനു പിന്നാലെ ഉറുഗ്വേ ഗോൾ കീപ്പറുടെ പിഴവിൽ നിന്ന് കൊറിയക്ക് ഒരു അവസരം കിട്ടി എങ്കിലും സോണിന് ആ അവസരം മുതലെടുക്കാൻ ആയില്ല.
ഈ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പിറക്കുന്ന നാലാമത്തെ ഗോൾ രഹിത സമനിലയാണിത്. അടുത്ത മത്സരത്തിൽ ഉറുഗ്വേ പോർച്ചുഗലിനെയും കൊറിയ ഘാനയെയും നേരിടും.