അവിശ്വസനീയമായ നാടകീയ നിമിഷങ്ങൾക്ക് ശേഷം അൾജീരിയയെ മറികടന്നു കാമറൂൺ ലോകകപ്പിലേക്ക്. ആദ്യ പാദത്തിൽ ഒരു ഗോളിന് വിജയം നേടിയ ആത്മവിശ്വാസവും ആയി ആണ് അൾജീരിയ രണ്ടാം പാദത്തിനു എത്തിയത്. 22 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ ബയേണിന്റെ എറിക് ചുപോ മോട്ടങ് കാമറൂണിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. തുടർന്ന് ഗോൾ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമങ്ങൾ 90 മിനിറ്റിൽ ഫലം കാണാതെ വന്നപ്പോൾ മത്സരം എക്സ്ട്രാ സമയത്തിലേക്ക്. തീർത്തും നാടകീയമായതും അവിശ്വസനീയവും ആയ കാഴ്ചകൾക്ക് ആണ് എക്സ്ട്രാ സമയം സാക്ഷിയായത്. എക്സ്ട്രാ സമയത്ത് 99 മത്തെ മിനിറ്റിൽ ഇസ്ലാം സ്ലിമാനി ഹെഡറിലൂടെ ഗോൾ നേടിയെങ്കിലും ഹെഡറിന് മുമ്പ് താരത്തിന്റെ കയ്യിൽ പന്ത് തട്ടിയെതിനാൽ ഗോൾ വാർ അനുവദിച്ചില്ല.
118 മത്തെ മിനിറ്റിൽ റാഷിദ് ഗസലിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ അഹ്മദ് തൗബ ഗോൾ നേടിയതോടെ അൾജീരിയ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. എന്നാൽ തീർത്തും അവിശ്വസനീയമായ നിമിഷങ്ങൾ ആണ് പിന്നീട് കണ്ടത്. കാമറൂൺ എല്ലാം കഴിവുകളും ആയി ഇരച്ചു വന്നപ്പോൾ 125 മത്തെ മിനിറ്റിൽ മത്സരത്തിന്റെ അവസാന കിക്കിൽ അവരുടെ വിജയ ഗോൾ പിറന്നു. മൈക്കിളിന്റെ പാസിൽ നിന്നു കാൾ ടോക്കോ ഇക്കാമ്പി ഗോൾ നേടിയതോടെ കാമറൂൺ സ്വർഗം കണ്ടു. എവേ ഗോളിന്റെ ബലത്തിൽ കാമറൂൺ ഖത്തർ ലോകകപ്പിന് ടിക്കറ്റ് എടുത്തപ്പോൾ അൾജീരിയൻ ഹൃദയങ്ങൾ തകർന്നു. 2018 റഷ്യൻ ലോകകപ്പിൽ യോഗ്യത നേടാൻ ആവാതിരുന്ന കാമറൂണിന്റെ ലോകകപ്പിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് ഇത്.