നീണ്ടകാലത്തെ ഇടവേളക്ക് ശേഷം ഒരു പ്രധാന ടൂർണമെന്റിൽ തിരികെയെത്തിയ ഹോളണ്ട് ആരാധകർക്ക് നൽകിയത് ആവേശകരമായ ഒരു ഫുട്ബോൾ മത്സരമായിരുന്നു. ഹോളണ്ട് മത്സരങ്ങൾ എന്നും നൽകിയിരുന്ന നാടകീയതകൾ നിറഞ്ഞ ഗോളുകൾ നിറഞ്ഞ മത്സരം. അക്ഷരാർത്ഥത്തിൽ ത്രില്ലർ എന്ന് വിലയിരുത്താവുന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഉക്രൈനെ ഹോളണ്ട് പരാജയപ്പെടുത്തിയത്. വിജയ ഗോൾ നേടുകയും ഹോളണ്ടിന്റെ ബാക്കി രണ്ടു ഗോളുകൾക്കും കാരണമാവുകയും ചെയ്ത പി എസ് വി ഐന്തോവൻ താരം ഡംഫ്രൈസാണ് ഓറഞ്ച് പടയുടെ രക്ഷകനായത്. ഒരു ഘട്ടത്തിൽ 2-0ന് പിറകിലായിരുന്ന ഉക്രൈൻ തിരിച്ചടിച്ച് കളി 2-2 എന്നാക്കി ഹോളണ്ടിനെ ഞെട്ടിച്ചിരുന്നു. അവിടെ നിന്നാണ് ഹോളണ്ട് വിജയിച്ചു കയറിയത്.
ആംസ്റ്റർഡാമിൽ ഇന്ന് തുടക്കം മുതൽ ഹോളണ്ടിന്റെ ആധിപത്യമാണ് കണ്ടത്. പന്ത് കൂടുതൽ സമയം കയ്യിൽ വെച്ച് അവർ തുടർച്ചയായി അറ്റാക്കുകൾ നടത്തിക്കൊണ്ടിരുന്നു. എന്നാൽ ഫൈനൽ ബോൾ നൽകുന്നതിൽ പരാജയപ്പെട്ടത് ഫ്രാങ്ക് ഡി ബോറിന്റെ ടീമിനെ ഗോളിൽ നിന്ന് അകറ്റി. ഷെവ്ചങ്കോയുടെ ഉക്രൈൻ അച്ചടക്കത്തോടെയാണ് തുടക്കം മുതൽ ഡിഫൻഡ് ചെയ്തത്. ഷിഞ്ചെക്കോയും യാർമലെങ്കോയും ചേർന്ന് ഇടക്ക് ഉക്രൈനായി നല്ല അറ്റാക്ക് മറുവശത്തും നടത്തി.
38ആം മിനുട്ടിൽ വൈനാൾഡത്തിന്റെ പവർഫുൾ വോളി ലോകോത്തര സേവിലൂടെയാണ് ഉക്രൈൻ കീപ്പർ ബുഷ്ചാൻ ഗോൾ വലയിൽ എത്താതെ തടഞ്ഞത്. ഇതിനു പിന്നാലെ ഒരു ഫ്രീ ഹെഡർ ഹോളണ്ടിന്റെ ഡംഫ്രീസിൻ
കിട്ടിയിരുന്നു. അതും ലക്ഷ്യത്തിൽ എത്തിയില്ല. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചത് കൊണ്ട് തന്നെ രണ്ടാം പകുതിയിൽ ഹോളണ്ട് കൂടുതൽ ആക്രമണത്തിലേക്ക് തിരിഞ്ഞു.
52ആം മിനുട്ടിൽ അതിനു ഫലവും ലഭിച്ചു. വലതു വിങ്ങിൽ നിന്ന് ഡംഫ്രൈസ് നൽകിയ ക്രോസ് ഉക്രൈൻ കീപ്പർ ബുഷ്ചാന് കയ്യിൽ ഒതുക്കാനായില്ല. ഇത് മുതലെടുത്ത് ഓറഞ്ച് പടയുടെ ക്യാപ്റ്റൻ വൈനാൾഡം പന്ത് വലയിൽ അടിച്ചു കയറ്റി. 6 മിനുട്ടിനകം ഹോളണ്ടിന്റെ രണ്ടാം ഗോളും വന്നു. ഇത്തവണയും അറ്റാക്ക് വന്നത് വലതു വിങ്ങിലെ ഡംഫ്രൈസിന്റെ നീക്കത്തിൽ നിന്ന് തന്നെ. ആ നീക്കത്തിന്റെ അവസാനം വിഗോർസ്റ്റിന്റെ പവർഫുൾ ഷോട്ടാണ് ഹോളണ്ടിന്റെ ലീഡ് ഇരട്ടിയാക്കിയത്.
ഈ രണ്ട് ഗോളുകളിൽ പതറി ഉക്രൈൻ പിറകോട്ട് പോയില്ല. കളിലേക്ക് തിരികെ വരാൻ ഉക്രൈൻ നിരന്തരം ശ്രമം നടത്തി. 75ആം മിനുട്ടിൽ അവരുടെ ശ്രമങ്ങൾ ഫലം കണ്ടു. ക്യാപ്റ്റൻ യാർമെലെങ്കോ ആണ് ഇടതു വശത്തൂടെ വന്ന് ബോക്സിന് പുറത്ത് നിന്ന് മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. ഈ ടൂർണമെന്റ് ഇതുവരെ കണ്ട ഏറ്റവും നല്ല ഗോളായിരുന്നു ഇത്. ഈ ഗോൾ ഉക്രൈന് ഊർജ്ജം നൽകി.
നാലു മിനുട്ടിനകം ഉക്രൈന്റെ രണ്ടാം ഗോളും വന്നു. ഒരു ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ യെറംചുക് ആണ് ഉക്രൈന് സമനില ഗോൾ നൽകി. ഉക്രൈൻ സമനില നേടിയതോടെ കളി കൂടുതൽ ആവേശകരമാക്കി. ഇരുടീമുകളും വിജയ ഗോളിനായി അറ്റാക്കിൽ ശ്രദ്ധ കൊടുത്തു. 86ആം മിനുട്ടിൽ ഹോളണ്ട് ലീഡ് തിരികെപിടിച്ചു. വീണ്ടും ഡംഫ്രൈസ് തന്നെയാണ് ഹോളണ്ടിന്റെ രക്ഷയ്ക്ക് എത്തിയത്. നതാൻ അകെയുടെ ക്രോസിനെ ഒരു വലൊയ ലീപ് ചെയ്ത് ഹെഡ് കൊണ്ട് ഡംഫ്രൈസ് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഈ ഗോൾ ഹോളണ്ടിന്റെ വിജയ ഗോളായും മാറി.
മൂന്ന് ഗോളിലും നിർണായക പങ്കുവഹിച്ച ഡംഫ്രൈസ് തന്നെയാണ് കളിയിലെ മികച്ച താരം. ഈ വിജയം ഹോളണ്ടിന് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്യണം എന്ന ലക്ഷ്യത്തിന് സഹായിക്കും. ഇനി ബാക്കിയുള്ള രണ്ടു മത്സരങ്ങളും ഹോളണ്ടിന് താരതമ്യേനെ എളുപ്പമാണ്.