ഉക്രൈന് ആദ്യ വിജയം, മാസിഡോണിയൻ സ്വപ്നങ്ങൾ അസ്തമിക്കുന്നു

20210617 202044
Credit: Twitter

യൂറോ കപ്പിൽ ഉക്രൈനിന് ആദ്യ വിജയം. ആദ്യ മത്സരത്തിൽ ഹോളണ്ടിനോട് പരാജയപ്പെട്ട ഉക്രൈൻ ഇന്ന് മാസിഡോണിയയെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഉക്രൈൻ വിജയിച്ചത്. മാസിഡോണിയ പൊരുതി നോക്കിയെങ്കിലും ഉക്രൈന് ഒപ്പം പിടിച്ചു നിൽക്കാൻ ഗ്രൂപ്പിലെ ഏറ്റവും ദുർബലർക്ക് ആയില്ല. ആദ്യ 34 മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്താൻ ഉക്രൈനായി.

29ആം മിനുട്ടിൽ ക്യാപ്റ്റൻ യാർമെലെങ്കോയുടെ വക ആയിരുന്നു ആദ്യ ഗോൾ. കരവെയേവ് നൽകിയ പാസ് ഒരു ടാപിന്നിലൂടെ വലയിൽ എത്തിക്കേണ്ട പണിയെ യാർമെലെങ്കോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ആദ്യ മത്സരത്തിൽ ഹോളണ്ടിനെതിരെയും യാർമലെങ്കോ ഗോൾ നേടിയിരുന്നു. 34ആം മിനുട്ടിൽ യരംചുക് ആണ് ഉക്രൈന്റെ രണ്ടാം ഗോൾ നേടിയത്. യാർമെലെങ്കോ ആയിരുന്നു ആ ഗോളിനായുള്ള പാസ് നൽകിയത്.

രണ്ടാം പകുതിയിൽ കളിയിലേക്ക് ശക്തമായി തിരിച്ചുവരാൻ മാസിഡോണിയക്ക് ആയി. 57ആം മിനുട്ടിൽ അവർക്ക് ഒരു പെനാൾട്ടി ലഭിച്ചു. പെനാൾട്ടി എടുത്ത അലിയോസ്കിയെ ബുസ്ചാൻ തടഞ്ഞു എങ്കിലും റീബൗണ്ടിലൂടെ അലിയോസ്കി പന്ത് വലയിൽ തന്നെ എത്തിച്ചു. ഇതിനു ശേഷം സമനില ഗോളിനായി മാസിഡോണിയ ശ്രമിച്ചു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് ആയില്ല. 83ആം മിനുട്ടിൽ ഉക്രൈനും ഒരു പെനാൾട്ടി ലഭിച്ചു. ഉക്രൈന്റെ പെനാൾട്ടി മലിനവോസ്കി എടുത്തത് ഗോൾ കീപ്പർ ഡിമിട്രിവേസ്കി സേവ് ചെയ്തു. പെനാൾട്ടി നഷ്ടപ്പെടുത്തി എങ്കിലും ഉക്രൈന് വിജയം ഉറപ്പിക്കാൻ ആയി. 2 മത്സരങ്ങളിൽ രണ്ടും പരാജയപ്പെട്ട മാസിഡോണിയയ്ക്ക് ഇനി നോക്കൗട്ട് പ്രതീക്ഷകൾ വിദൂരമാണ്. അവസാന മത്സരത്തിൽ ഹോളണ്ടിനെയാണ് അവർ നേരിടേണ്ടത്.

Previous articleരണ്ട് സ്പിന്നര്‍മാര്‍ ടീമിൽ, സിറാജിന് അവസരമില്ല, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ഇലവന്‍ പ്രഖ്യാപിച്ചു
Next articleബ്രിസ്റ്റോളിൽ ഇന്ത്യക്ക് മികച്ച തുടക്കം