യൂറോ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഓസ്ട്രിയ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഇന്ന് ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ ഓസ്ട്രിയയെ മറികടന്നു കൊണ്ടാണ് ഓസ്ട്രിയ പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനാണ് ഓസ്ട്രിയ വിജയിച്ചത്. പരാജയപ്പെട്ടു എങ്കിലും ഉക്രൈൻ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടക്കാൻ ആകും എന്നാകും പ്രതീക്ഷിക്കുന്നത്.
ഇന്ന് മത്സരത്തിൽ തുടക്കം മുതൽ ഓസ്ട്രിയൻ അറ്റാക്കുകളാണ് കണ്ടത്. ഒന്നിനു പിറകെ ഒന്നായി ആക്രമണം നടത്താൻ തുടക്കത്തിൽ അവർക്കായി. എന്നാൽ മറുവശത്ത് ഉക്രൈന് ആദ്യ പകുതിയിൽ ഒരു നല്ല അവസരം വരെ സൃഷ്ടിക്കാനായില്ല. 21ആം മിനുട്ടിലാണ് ഓസ്ട്രിയ ലീഡ് എടുത്തത്. അലാബ എടുത്ത കോർണറിൽ നിന്ന് അനായാസം ബൗമ്ഗാട്നർ വല കണ്ടെത്തുക ആയിരുന്നു. ഗോളടിച്ച് പത്തു മിനുട്ടിനു ശേഷം ബൗമ്ഗാട്നർ പരിക്കേറ്റ് പുറത്തു പോയത് ഓസ്ട്രിയക്ക് ആശങ്ക നൽകി.
43ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാനുള്ള സുവർണ്ണാവസരം ഓസ്ട്രിയക്ക് കിട്ടി. സബിറ്റ്സറിന്റെ ക്രോസ് അർണോടോവിചിനെ കണ്ടെത്തുമ്പോൾ മുന്നിൽ ഗോൾ കീപ്പർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അർണോടോവിചിന് ടാർഗറ്റിലേക്ക് അടിക്കാൻ പോലും ആയില്ല. രണ്ടാം പകുതിയിൽ ഉക്രൈൻ കുറച്ച് മെച്ചപ്പെട്ടു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ അവർ പ്രയാസപ്പെട്ടു. 61ആം മിനുട്ടിൽ ബാക്മാന്റെ ഒരു വലിയ സേവ് ഓസ്ട്രിയയെ രക്ഷിച്ചു. സെൽഫ് ഗോൾ ആകേണ്ടിയിരുന്ന ഒരു ഹെഡർ ആണ് അദ്ദേഹം സേവ് ചെയ്തത്. ഓസ്ട്രിയക്ക് അവസാനം വരെ കളിയിലേക്ക് തിരികെവരാൻ ആയില്ല. ഒരു സമനില നേടിയിരുന്നെങ്കിൽ അവർക്ക് രണ്ടാമത് ഫിനിഷ് ചെയ്യാമായിരുന്നു.
ഈ വിജയം ഓസ്ട്രിയക്ക് പ്രീക്വാർട്ടർ ഉറപ്പിച്ചു കൊടുത്തു. ഇറ്റലിയെ ആകും അവർ പ്രീക്വാർട്ടറിൽ നേരിടുക. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് 9 പോയിന്റുമായി ഹോളണ്ട് ഗ്രൂപ്പിൽ ഒന്നാമത് തന്നെ ഫിനിഷ് ചെയ്തു. 2 വിജയങ്ങളുമായി ഓസ്ട്രിയ 6 പോയിന്റുമായി രണ്ടാമതും ഫിനിഷ് ചെയ്തു. ഹോളണ്ടും ഓസ്ട്രിയയും പ്രക്വാർട്ടർ ഉറപ്പിച്ചപ്പോൾ 3 പോയിന്റുമായി മൂന്നാമത് ഫിനിഷ് ചെയ്ത ഉക്രൈന് മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ എത്താനാകുമോ എന്ന് അറിയാൻ കാത്തിരിക്കണം. മാസിഡോണിയ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട് ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു.