യു.എഫ്.സി യിൽ നിന്നുള്ള തന്റെ അപ്രതീക്ഷിത വിരമിക്കലിനു ശേഷം ഫുട്ബോൾ കളിക്കാൻ ഒരുങ്ങി മാർഷ്യൽ ആർട്ട്സ് ഇതിഹാസം ഖബീബ്. 32 കാരനായ കരിയറിൽ ഒരിക്കൽ പോലും പരാജയം അറിയാത്ത യു.എഫ്.സി ജേതാവ് ആയ ഖബീബ് ഒക്ടോബറിൽ അബുദാബിയിൽ നടന്ന തന്റെ അവസാന യു.എഫ്.സി മത്സരത്തിൽ അമേരിക്കൻ താരം ജസ്റ്റിനെ പരാജയപ്പെടുത്തിയ ശേഷമാണ് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. അച്ഛന്റെ മരണ ശേഷം അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ ആണ് റഷ്യൻ നിരവധി കരാറുകൾ ലഭിച്ചിട്ടും വിരമിക്കൽ പ്രഖ്യാപിച്ചത്. കടുത്ത ഫുട്ബോൾ ആരാധകൻ ആയ ഖാബീബിന് ചെറുപ്പത്തിൽ ഫുട്ബോൾ താരം ആവാൻ ആയിരുന്നു ആഗ്രഹം.
അതിനാൽ തന്നെ തന്റെ ചെറുപ്പകാലത്തെ ആഗ്രഹം ആണ് ഇതിഹാസ താരം യാഥാർത്ഥ്യം ആക്കുന്നത്. റഷ്യൻ മൂന്നാം ഡിവിഷൻ ക്ലബ് ആയ എഫ്.സി ലീജിയൻ ഡൈനാമോയും ആയി ആണ് ഖബീബ് കരാറിൽ ഏർപ്പെട്ടത്. മറ്റൊരു മൂന്നാം ഡിവിഷൻ ക്ലബ് ആയ എഫ്.സി കമാസിൽ നിന്നു ഓഫർ ലഭിച്ചു എങ്കിലും ഡൈനാമയെ ഖബീബ് തിരഞ്ഞെടുക്കുക ആയിരുന്നു. 2015 സ്ഥാപിതമായ എഫ്.സി ലീജിയൻ ഡൈനാമോ ഖബീബിന്റെ ജന്മനാടിനെ പ്രതിനിധീകരിക്കുന്ന ടീം കൂടിയാണ്. തങ്ങൾക്ക് വലിയ യുദ്ധങ്ങൾക്ക് ഒരു വലിയ പോരാളിയെ ലഭിച്ചു എന്നാണ് ഡൈനാമോ പറഞ്ഞത്. വലിയ ഫുട്ബോൾ ആരാധകൻ ആയ ഖബീബ് സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം ഫുട്ബോൾ കളിക്കുന്ന വീഡിയോ പങ്ക് വക്കുക പതിവ് ആണ്. റയൽ മാഡ്രിഡ് ആരാധകൻ ആയ ഖബീബ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകൻ കൂടിയാണ്. അതേസമയം നേരത്തെ ഖബീബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിലക്ക് വാങ്ങാൻ താൽപ്പര്യം കാണിച്ചത് ആയും വാർത്തകൾ വന്നിരുന്നു. റിങിൽ അപരാജിതനായ ‘ഈഗിൾ’ ഫുട്ബോൾ ഗ്രൗണ്ടിൽ എന്ത് ചെയ്യും എന്നത് ആണ് ആരാധകർ ഉറ്റു നോക്കുന്നത്.