റൊണാൾഡോ ഇല്ലാത്ത റയൽ മാഡ്രിഡിന്റെ ആദ്യ പരീക്ഷണം ഇന്നാണ്. യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ഇന്ന് തങ്ങളുടെ നാട്ടിലെ തന്നെ വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് റയൽ മാഡ്രിഡ് ഇന്ന് നേരിടുക. എസ്റ്റോണിയയിൽ വെച്ച് നടക്കുന്ന മത്സരത്തൊടേ റയലിന്റെയും അത്ലറ്റിക്കോ മാഡ്രിഡിന്റെയും സീസണ് ഔദ്യോഗികമായി തുടക്കമാകും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ജയിച്ചവരും യൂറോപ്പ ലീഗ് ജയിച്ചവരും തമ്മിലുള്ള പോരാട്ടമാണ് സൂപ്പർ കപ്പ്.
അവസാന രണ്ട് സൂപ്പർ കപ്പുകളും റയൽ മാഡ്രിഡ് ആയിരുന്നു വിജയിച്ചത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആയിരുന്നു റയൽ സൂപ്പർ കപ്പിൽ തോൽപ്പിച്ചത്. മൂന്ന് ചാമ്പ്യൻസ് ലീഗ് തുടർച്ചയായി നേടിയതു പോലെ സൂപ്പർ കപ്പിലും റെക്കോർഡ് ഹാട്രിക്ക് ഇടലാകും റയലിന്റെ ലക്ഷ്യം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സിദാനും ഇല്ലാതെ റയൽ ഇറങ്ങുന്ന ആദ്യ കോമ്പറ്റിറ്റീവ് മത്സരം കൂടിയാണിത്.
റൊണാൾഡോയുടെ അഭാവത്തിൽ ബെയിൽ, ബെൻസീമ, അസൻസിയോ സഖ്യമാകും റയലിന്റെ അറ്റാക്കിൽ ഇറങ്ങുക. ഇസ്കോ, കസമേറോ, ക്രൂസ് എന്നിവർ മധ്യനിരയിലും ഇറങ്ങും. ലോകകപ്പിൽ ഗോൾഡൻ ബോൾ ജേതാവ് മോഡ്രിച് ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല. താരം കഴിഞ്ഞ ആഴ്ച മാത്രമായിരുന്നു റയലിനൊപ്പം പരിശീലനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ രണ്ടാം പകുതിയിലേ മോഡ്രിച് ഇറങ്ങാൻ സാധ്യതയുള്ളൂ. പുതിയ സൈനിംഗ് കോർട്ടോ ഇറങ്ങുന്ന കാര്യവും സംശയമാണ്.
അത്ലറ്റിക്കോ മാഡ്രിഡ് നിരയിൽ ഗ്രീസ്മെൻ ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് സിമിയോണി പറഞ്ഞിട്ടുണ്ട്. പക്ഷെ താരം 90 മിനുട്ട് കളിച്ചേക്കില്ല. പുതിയ സൈനിംഗ്സ് ആയ ലെമാർ, റോഡ്രി എന്നിവരും ആദ്യ ഇലവനിൽ ഇന്ന് ഉണ്ടാകും. രാത്രി 12.30നാണ് മത്സരം. സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial