യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ നിലപാട് കടുപ്പിച്ച് യുവേഫ. സൂപ്പർ ലീഗിലെ താരങ്ങൾക്ക് യൂറോയിലും ലോകകപ്പിലും വിലക്കുണ്ടാവുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെരിൻ. യുവേഫയുടേയും ഫിഫയുടേയും നിയമങ്ങൾ കാറ്റിൽ പറത്തിയാണ് യൂറോപ്പിലെ 12 ക്ലബ്ബുകൾ സൂപ്പർ ലീഗുമായി മുന്നോട്ട് പോവുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് യുവേഫ നടത്തിയത്. സൂപ്പർ ലീഗ് ടീമുകൾക്കെതിരെ നിയമ നടപടികളും സമ്മർദ്ദം ചെലുത്തിന്നതിന്റെ ഭാഗമായി താരങ്ങൾക്ക് വിലക്കും നൽകുമെന്നാണ് റിപ്പോർട്ടുകൾ.
യൂറോപ്യൻ ക്ലബ്ബ് അസോസിയേഷനിൽ നിന്നും പുറത്ത് പോവുന്നതിന് പിന്നാലെ ദേശീയ ടീമുകളിൽ നിന്നും ഈ ക്ലബ്ബുകളുടെ താരങ്ങളേയും വിലക്കാനാണ് നീക്കം. പല ദേശീയ ടീമുകളുടേയും ചുക്കാൻ പിടിക്കുന്നത് യൂറോപ്യൻ സൂപ്പർ ലീഗിലെ താരങ്ങൾ തന്നെയാണ്. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, ഇറ്റാലിയൻ ക്ലബുകളായ എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ എന്നിവരാണ് യൂറോപ്യൻ സൂപ്പർ ലീഗിന് പിന്നിൽ.