മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾക്ക് അങ്ങനെ പൂർണ്ണമായും അവസാനമായി. അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിൽ കളിക്കേണ്ടു വരും എന്ന് ഉറപ്പായി. ഇന്ന് നിർണായക മത്സരത്തിൽ ഹഡേഴ്സ് ഫീൽഡിനോട് സമനില വഴങ്ങിയതോടെയാണ് ഒലെയുടെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ടോപ് 4 എന്ന മോഹം അവസാനിച്ചത്.
പ്രീമിയർ ലീഗിന്റെ അടി തട്ടിൽ ഉള്ള ഹഡേഴ്സ്ഫീൽഡ് സമർത്ഥമായാണ് യുണൈറ്റഡിനെ ഇന്ന് പിടിച്ചു കെട്ടിയത്. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. കളിയിൽ മികച്ച രീതിയിൽ തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ മക്ടോമിനെയുടെ ഗോളിൽ മുന്നിൽ എത്തിയിരുന്നു. എന്നാൽ ആ ഗോളിന് ശേഷം വിരസമായ കളി കളിച്ച യുണൈറ്റഡ് അതിന് വില കൊടുക്കേണ്ടി വന്നു. അറുപതാം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് എമ്പെൻസ ആണ് ഹഡേഴ്സ് ഫീൽഡിനായി സമനില ഗോൾ നേടിയത്. യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷോയുടെ പിഴവായിരുന്നു ഗോളിൽ കലാശിച്ചത്. വിജയ ഗോളിനായി ആഞ്ഞു പരിശ്രമിച്ച യുണൈറ്റഡിനെ രണ്ട് തവണ ക്രോസ് ബാർ തടഞ്ഞു.
ഈ സമനിലയോടെ യുണൈറ്റഡ് 37 മത്സരങ്ങളിൽ നിന്ന് 66 പോയന്റുമായി ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ഇനി അവസാന മത്സരം വിജയിച്ചാലും ടോപ് 4ൽ എത്താൻ യുണൈറ്റഡിനാകില്ല.