ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എച്ചിൽ മൂന്നാം മത്സരത്തിലും ജയം കണ്ടു ഇറ്റാലിയൻ വമ്പന്മാർ ആയ യുവന്റസ്. റഷ്യൻ ക്ലബ് ആയ സെനിറ്റ് സെന്റ് പീറ്റേർസ്ബർഗിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് യുവന്റസ് തോൽപ്പിച്ചത്. മത്സരത്തിൽ പന്ത് അടക്കത്തിൽ അടക്കം മുന്നിട്ട് നിന്നെങ്കിലും വലിയ അവസരം ഒന്നും യുവന്റസിന് തുറക്കാൻ ആയിരുന്നില്ല. റഷ്യൻ ടീമിന്റെ പ്രതിരോധം ഭേദിക്കാൻ 87 മിനിറ്റ് വരെ ഇറ്റാലിയൻ ടീം കാത്തിരിക്കേണ്ടി വന്നു. അവസാന നിമിഷങ്ങളിൽ പകരക്കാരൻ ആയി ഇറങ്ങിയ ദേജൻ കുലുസെവ്സ്കിയാണ് ഇറ്റാലിയൻ ടീമിന് ജയം സമ്മാനിച്ചത്.
മറ്റിയോയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ആണ് കുലുസെവ്സ്കി യുവന്റസിന് നിർണായകമായ ഗോൾ സമ്മാനിച്ചത്. ഇബ്രമോവിച്ചിനു ശേഷം യുവന്റസിന് ആയി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന രണ്ടാമത്തെ മാത്രം സ്വീഡിഷ് താരമായും കുലുസെവ്സ്കി ഇതോടെ മാറി. 58 ശതമാനം പന്ത് കൈവശം വച്ചെങ്കിലും 2 തവണ മാത്രം ആണ് എതിരാളിയുടെ പോസ്റ്റിലേക്ക് യുവന്റസ് ഷോട്ട് ഉതിർത്തത്. എങ്കിലും മത്സരത്തിൽ ജയിക്കാൻ ആയത് അല്ലഗ്രിനിക്ക് വലിയ ഊർജം പകരും. നിലവിൽ ഗ്രൂപ്പിൽ മൂന്നിൽ മൂന്നു കളിയും ജയിച്ച യുവന്റസ് ഒന്നാമത് ആണ്. അതേസമയം സെനിറ്റ് മൂന്നാം സ്ഥാനത്തും.