ചാമ്പ്യൻസ് ലീഗിൽ ഹാളണ്ടിന്റെ റെക്കോർഡ് മറികടന്നു സെബാസ്റ്റ്യൻ ഹാളർ

Wasim Akram

കരിയറിൽ വൈകി ആണെങ്കിലും ചാമ്പ്യൻസ് ലീഗ് കളിക്കാൻ കിട്ടിയ അവസരം ഗോൾ അടിച്ചു ആഘോഷമാക്കി അയാക്‌സിന്റെ സെബാസ്റ്റ്യൻ ഹാളർ. തന്റെ ആദ്യ 5 മത്സരങ്ങളിലും ഗോൾ കണ്ടത്തിയ ഹാളർ ചാമ്പ്യൻസ് ലീഗിൽ റെക്കോർഡിനു ഒപ്പമെത്തി. അലക്‌സാൻഡ്രോ ഡെൽ പിയറോ, ഡീഗോ കോസ്റ്റ, ഏർലിങ് ഹാളണ്ട് എന്നിവർ മാത്രമാണ് ഇതിനു മുമ്പ് തങ്ങളുടെ ആദ്യ 5 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും തുടർച്ചയായി ഗോൾ നേടിയവർ.

ഇതിനു പുറമെ ആദ്യ 5 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ 9 ഗോളുകൾ നേടിയ ഹാളർ ആദ്യ 5 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കാര്യത്തിൽ ഹാളണ്ടിന്റെ റെക്കോർഡും മറികടന്നു. ഡോർട്ട്മുണ്ടിനു എതിരെ ഒരു മത്സരത്തിൽ നാലു ഗോളുകൾ നേടിയ ഹാളർ അതുഗ്രൻ ഫോമിൽ ആണ് ഇത് വരെ. ഇന്ന് പകരക്കാരൻ ആയി ഇറങ്ങി ഇരട്ടഗോളുകൾ നേടിയാണ് ഹാളർ ടീമിന് ജയം സമ്മാനിച്ചത്. നിലവിൽ ബയേണിന്റെ റോബർട്ട് ലെവൻഡോസ്കിക്ക് ഒപ്പം ഈ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും ഹാളർ ആണ്.