ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സിയിൽ കളിച്ച 5 മത്സരങ്ങളിലും ജയം കണ്ടു അയാക്‌സ്. തുർക്കി ക്ലബ് ബെസ്കിറ്റാസിന് എതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചു വന്നാണ് ഡച്ച് വമ്പന്മാർ ജയം കണ്ടത്. അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചതിനാൽ പല പ്രമുഖ താരങ്ങൾക്കും അയാക്‌സ് പരിശീലകൻ ടെൻ ഹാഗ് വിശ്രമം നൽകി. മത്സരത്തിൽ വ്യക്തമായ ആധിപത്യം കാണിച്ചു എങ്കിലും ആദ്യ പകുതിയുടെ 28 മത്തെ മിനിറ്റിൽ അയാക്‌സ് പിറകിൽ പോയി. ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട റാച്ചിദ് ഗസെൽ ആണ് തുർക്കി ക്ലബിന് മുൻതൂക്കം സമ്മാനിച്ചത്.
മത്സരത്തിൽ പിന്നിൽ പോയതോടെ സൂപ്പർ താരം സെബാസ്റ്റ്യൻ ഹാളറിനെ അയാക്‌സ് രണ്ടാം പകുതിയിൽ ഇറക്കി. ഇതിന്റെ ഫലം ആയിരുന്നു 54 മത്തെ മിനിറ്റിൽ ടാഗ്ലിയഫകയുടെ പാസിൽ നിന്നു ഹാളർ നേടിയ സമനില ഗോൾ. തുടർച്ചയായ അഞ്ചാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഹാളർ തന്റെ ഗോളടി തുടർന്നു. 69മത്തെ മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളും ചാമ്പ്യൻസ് ലീഗിലെ തന്റെ ഒമ്പതാം ഗോളും നേടിയ ഹാളർ അയാക്‌സ് ജയം ഉറപ്പിക്കുക ആയിരുന്നു. ലീസാൻഡ്രോ മാർട്ടിനസിന്റെ മികച്ച ഒരു ഫ്രീക്കിക്കിൽ നിന്നായിരുന്നു ഹാളറിന്റെ ഈ ഗോൾ. ജയത്തോടെ ആധികാരികമായി ഗ്രൂപ്പ് ജേതാക്കൾ ആയി തന്നെ അയാക്‌സ് ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിലേക്ക് മുന്നേറും.