ചാമ്പ്യൻസ് ലീഗിൽ 2 ടീമിനെ വച്ച് റയലിനെ ബെർണബോയിൽ തോൽപ്പിക്കുന്ന ആദ്യ പരിശീലകൻ ആയി പെപ്പ്

Wasim Akram

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ കിരീടങ്ങളും ജയങ്ങളും സ്വന്തമാക്കിയ റയൽ മാഡ്രിഡിനു എതിരെ അപൂർവ്വ റെക്കോർഡ് നേട്ടവും ആയി മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് പരിശീലകൻ പെപ്പ് ഗാർഡിയോള. 2 വ്യത്യസ്ത ടീമുകളെ ഉപയോഗിച്ച് റയൽ മാഡ്രിഡിന്റെ സാന്റിയാഗോ ബെർണബോയിൽ ജയം നേടുന്ന ആദ്യ പരിശീലകൻ എന്ന നേട്ടം ആണ് ഗാർഡിയോളയെ തേടി എത്തിയത്. ഇന്ന് മാഞ്ചസ്റ്റർ സിറ്റി പിറകിൽ നിന്ന ശേഷം 2-1 നു ആണ് റയലിന് സ്വന്തം മൈതാനത്ത് ഷോക്ക് നൽകിയത്. കൂടാതെ പരിശീലകൻ ആയി ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ടിലെ 28 മത്തെ ജയവും, റയൽ മാഡ്രിഡിനു എതിരായ 10 മത്തെ ജയവും ആയി ഗാർഡിയോളക്ക് ഇത്.

മുമ്പ് ബാഴ്‍സലോണയുടെ പരിശീലകൻ ആയിരിക്കുമ്പോൾ 2010-11 സീസണിൽ ഹോസെ മൗറീന്യോയുടെ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഗാർഡിയോള തോൽപ്പിച്ചിരുന്നു. ആ സീസണിൽ ബാഴ്‍സലോണ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തുകയും ചെയ്തു. ലാ ലീഗയിലും ബാഴ്‍സലോണ പരിശീലകൻ ആയി മികച്ച റെക്കോർഡ് ആണ് ബെർണബോയിൽ ഗാർഡിയോളക്ക് ഉള്ളത്. മുൻ ബയേൺ മ്യൂണിച്ച് പരിശീലകൻ ആയ ഒട്ടമർ ഹിറ്റ്സ്ഫീൽഡിനു ശേഷം റയൽ മാഡ്രിഡിന്റെ മൈതാനത്ത് 2 ചാമ്പ്യൻസ് ലീഗ് ജയങ്ങൾ നേടുന്ന ആദ്യ പരിശീലകൻ കൂടിയാണ് പെപ്പ് ഗാർഡിയോള.