ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പി.എസ്.ജിക്ക് ആയി ഗോളുമായി ലയണൽ മെസ്സി. മെസ്സി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ജർമ്മൻ ക്ലബ് ആർ.ബി ലൈപ്സിഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഫ്രഞ്ച് ക്ലബ് മറികടന്നത്. കളം നിറഞ്ഞു കളിച്ച കിലിയൻ എമ്പപ്പെയും മത്സരത്തിൽ പാരീസിന് ആയി തിളങ്ങിയെങ്കിലും താരം അവസാന നിമിഷം പെനാൽട്ടി പാഴാക്കുന്നതും മത്സരത്തിൽ കണ്ടു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ എമ്പപ്പെയിലൂടെ പി.എസ്.ജിയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. പ്രതിരോധത്തിൽ മെസ്സി തിരിച്ചു പിടിച്ച പന്തിൽ നിന്നു ആരംഭിച്ച പ്രത്യാക്രമണത്തിൽ ഡാക്സ്ലറുടെ പാസിൽ നിന്നു ആണ് എമ്പപ്പെ മികച്ച ഒരു ഷോട്ടിലൂടെ ഗോൾ കണ്ടത്തിയത്. കൂടുതൽ സമയം പന്ത് കൈവശം വച്ചത് പാരീസ് ആണെങ്കിലും പലപ്പോഴും അവസരങ്ങൾ തുറക്കാൻ ജർമ്മൻ ക്ലബിന് ആയി. ഇതിന്റെ ഫലം ആയിരുന്നു 28 മിനിറ്റിൽ ആഞ്ചലീന്യോ നൽകിയ പാസിൽ നിന്നു ആന്ദ്ര സിൽവ നേടിയ സമനില ഗോൾ. ആദ്യ പകുതിയിൽ പാരീസിനെ പലപ്പോഴും സമ്മർദ്ദത്തിലാക്കാൻ ലൈപ്സിഗിന് ആയി.
രണ്ടാം പകുതിയിലും മികച്ച രീതിയിൽ ആണ് ജർമ്മൻ ക്ലബ് കളിച്ചത്. ഒരിക്കൽ കൂടി ആഞ്ചലീന്യോ ഗോൾ അവസരം ഒരുക്കിയപ്പോൾ നോർഡി മുകിയെല 57 മിനിറ്റിൽ ജർമ്മൻ ക്ലബിനെ പാരീസിൽ മുന്നിലെത്തിച്ചു. സ്വന്തം കാണികൾക്ക് മുന്നിൽ സമ്മർദ്ദത്തിൽ ആയ പോലെയാണ് പലപ്പോഴും പാരീസ് താരങ്ങൾ കളിച്ചത്. എന്നാൽ പത്ത് മിനിറ്റിനുള്ളിൽ ലയണൽ മെസ്സി പാരീസിന്റെ രക്ഷക്ക് എത്തി. ലൈപ്സിഗ് പ്രതിരോധം നൽകിയ പന്ത് സ്വീകരിച്ച എമ്പപ്പെ അത് മെസ്സിക്ക് മറിച്ചു നൽകിയപ്പോൾ മെസ്സി ഗോൾ കീപ്പറെ ഷോട്ടിലൂടെ മറികടന്നു. പന്ത് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും ഓടിയെത്തിയ മെസ്സി പന്ത് വലയിലാക്കുക ആയിരുന്നു. തുടർന്ന് 74 മിനിറ്റിൽ എമ്പപ്പെയെ ബോക്സിൽ മുഹമ്മദ് സിമാക്കൻ വീഴ്ത്തിയതോടെ പി.എസ്.ജിക്ക് പെനാൽട്ടി ലഭിച്ചു.
ലഭിച്ച പെനാൽട്ടി എടുക്കാൻ മെസ്സിയെ ക്ഷണിച്ച എമ്പപ്പെ പന്ത് മെസ്സിക്ക് കൈമാറി. അതിമനോഹരമായ ഒരു പനേകയിലൂടെ പെനാൽട്ടി ലക്ഷ്യം കണ്ട മെസ്സി പാരീസിന് നിർണായകമായ മുൻതൂക്കം മത്സരത്തിൽ നൽകി. തുടർന്ന് മത്സരത്തിലേക്ക് തിരിച്ചു വരാൻ ജർമ്മൻ ക്ലബ് ശ്രമിച്ചു എങ്കിലും ഒന്നും ഫലം കണ്ടില്ല. തുടർന്ന് 93 മിനിറ്റിൽ അഷ്റഫ് ഹകീമിയെ ജോസ്കോ ബോക്സിൽ വീഴ്ത്തിയതിന് പാരീസിന് വാറിലൂടെ പെനാൽട്ടി അനുവദിക്കപ്പെട്ടു. ഹാട്രിക്കിന് അരികിൽ ആയിരുന്നു എങ്കിലും ഇത്തവണ പെനാൽട്ടി എമ്പപ്പെക്ക് നൽകുക ആയിരുന്നു മെസ്സി. എന്നാൽ പെനാൽട്ടി ആകാശത്തിലേക്ക് പറത്തുക ആയിരുന്നു ഫ്രഞ്ച് താരം. പെനാൽട്ടി പാഴാക്കി എങ്കിലും മത്സരത്തിൽ ജയിക്കാൻ ആയി എന്നതിൽ എമ്പപ്പെക്ക് ആശ്വസിക്കാം. ജയിക്കാൻ ആയെങ്കിലും കൂടുതൽ മികച്ച ഒരു പ്രകടനം ടീമിൽ നിന്നു ഉണ്ടായില്ല എന്നത് പോച്ചറ്റീന്യോക്ക് ആശങ്ക പകരുന്നുണ്ട്. ഒപ്പം പ്രതിരോധത്തിലെ പിഴവുകളും അവർക്ക് ആശങ്ക ആവുന്നുണ്ട്. നിലവിൽ ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത് എത്താൻ പാരീസിന് ആയി.