ഇന്നത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേൺ ലിയോണെതിരെ 3-0 എന്ന സ്കോറിന് വിജയിച്ചതോടെ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ തീരുമാനമായി. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിയെ ആകും ഫൈനലിൽ നേരിടുക. ലിസ്ബണിൽ ഈ വരുന്ന ഞായറാഴ്ച ആണ് ഫൈനൽ നടക്കുക. രണ്ട് ടീമുകളിൽ ആരാകും വിജയിക്കുക എന്ന് പ്രവചിക്കുക സാധ്യമല്ല എന്ന് തന്നെ പറയേണ്ടി വരും. അത്രയ്ക്ക് മികച്ച താരങ്ങളാണ് രണ്ട് ടീമിലും ഉള്ളത്.
സെമിയിൽ ലെപ്സിഗിനെ തകർത്തു കൊണ്ടായിരുന്നു പി എഅ ജി ഫൈനലിലേക്ക് മാർച്ച് ചെയ്തത്. നെയ്മർ, എമ്പപ്പെ, ഡി മറിയ എന്നിവരുടെ മികവ് ആണ് പി എസ് ജിക്ക് ഫൈനലിലേക്കുള്ള വഴിയ കരുത്തായത്. റയൽ മാഡ്രിഡ് ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്താണ് പി എസ് ജി നോക്കൗട്ട് റൗണ്ടിലേക്ക് മാർച്ച് ചെയ്തത്. നോക്കൗട്ടിൽ അവർ ഡോർട്മുണ്ട്, അറ്റലാന്റ, ലെപ്സിഗ് എന്നീ ടീമുകളെ ഒക്കെ മറികടന്നു. പി എസ് ജിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്.
ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബയേൺ നോക്കൗട്ടിൽ എത്തിയത്. ചെൽസിയും ബാഴ്സലോണയും ഇപ്പോൾ ലിയോണും നോക്കൗട്ടിൽ ബയേണിന്റെ ഇരകളായി. ചെൽസി രണ്ട് പാദങ്ങളിലായി 7-1ന്റെയും ബാഴ്സലോണ ഒറ്റ മത്സരത്തിൽ 8-2ന്റെയും പരാജയമാണ് ബയേണിൽ നിന്ന് നേരിട്ടത്. നാൽപ്പതിൽ അധികം ഗോളുകൾ 10 മത്സരങ്ങളിൽ നിന്നായി ബയേൺ ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ നേടി.
ഇനി ഫൈനലിനായുള്ള കാത്തിരിപ്പാണ്. പി എസ് ജി അവരുടെ ആദ്യ യൂറോപ്യൻ കിരീടം നേടുമോ അതോ ബയേൺ അവരുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടം നേടുമോ എന്ന് ഞായറാഴ്ച രാത്രി അറിയാം.