യൂറോപ്പിലെ ഫുട്ബോൾ രാജാക്കൾ ആരെന്ന് ഇന്ന് മാഡ്രിഡിൽ തീരുമാനിക്കപ്പെടും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ക്ലബുകളായ ലിവർപൂളും ടോട്ടൻഹാമും ഇന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ കലാശ പോരാട്ടത്തിന് ഇറങ്ങുകയാണ്. യൂറോപ്പിലെ ക്ലബ് ഫുട്ബോൾ സീസൺ അവസാനം കൂടിയാണ് ഇന്നത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ. യൂറോപ്പിലെ ക്ലബ് പോരാട്ടത്തിലെ ഏറ്റവും വലിയ കിരീടമാണ് ചാമ്പ്യൻസ് ലീഗ്.
തങ്ങളുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലിവർപൂൾ ഇന്ന് ലക്ഷ്യമിടുന്നത്. ഫോമും ടീമും വെച്ച് ലിവർപൂളിന് നേരിയ മുൻ തൂക്കം ഫുട്ബോൾ ലോകം നൽകുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാനം ഒരു പോയന്റിന് കിരീടം നഷ്ടപ്പെട്ടു എങ്കിലും ലീഗിലെ മികച്ച റെക്കോർഡ് ഈ ഫൈനലിലേക്കും എടുക്കാനാണ് ലിവർപൂൾ ഉദ്ദേശിക്കുന്നത്. ലീഗിൽ ടോട്ടൻഹാമിനെതിരെ അടുത്ത കാലത്തുള്ള റെക്കോർഡും ലിവർപൂളിന് അനുകൂലമാണ്.
സെമിയിൽ ബാഴ്സലോണയ്ക്ക് എതിർവ് ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ലിവർപൂൾ ഫൈനലിലേക്ക് കടന്നത്. ടോട്ടൻഹാമും അത്തരമൊരു അത്ഭുത തിരിച്ചുവരവ് തന്നെ ആയിരുന്നു സെമിയിൽ അയാക്സിനെതിരെ നടത്തിയതും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിരാശയോടെ ആണ് ടോട്ടൻഹാം സീസൺ അവസാനിപ്പിച്ചത് എങ്കിലും ഏതു ടീമിനെയും തോൽപ്പിക്കാൻ കെൽപ്പുള്ള ടീമാണ് പോചടീനോയുടെ ടോട്ടൻഹാം.
ഹാരി കെയ്ൻ, വെർടോംഗൻ എന്നിവർ പരിക്ക് മാറി തിരിച്ചുവരുന്നതും ടോട്ടൻഹാമിന് ആശ്വാസം നൽകുന്നുണ്ട്. എങ്കിലും കെയ്ൻ ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കില്ല. സെമി ഫൈനലിലെ ഹീറോ ആയ ലൂകസ് മൗറ ആയിരിക്കും ആദ്യ ഇലവനിൽ ഉണ്ടാവുക. മോറയുടെ ഹാട്രിക്കായിരുന്നു അയാക്സിനെ തോൽപ്പിക്കാൻ സെമിയിൽ സ്പർസിനെ സഹായിച്ചത്. സ്പർസിന് ഇത് ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണ്. ഈ കിരീടം നേടിയാൽ പോചടീനോയുടെ കീഴിലെ സ്പർസിന്റെ ആദ്യ കിരീടവും ആകും അത്.
ഫർമീനോ പരിക്കിൽ നിന്ന് തിരിച്ചെത്തിയതാണ് ലിവർപൂളിലെ സന്തോഷ വാർത്ത. എന്നാൽ മധ്യനിര താരം നാബി കേറ്റ ഇന്ന് കളിക്കില്ല. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോട് ഫൈനലിൽ പരാജയപ്പെട്ട ലിവർപൂൾ അത് ആവർത്തിക്കാൻ ഇഷ്ടപ്പെടില്ല. ഇന്ന് കൂടെ പരാജയപ്പെട്ടാൽ മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനൽ പരാജയം എന്ന നാണക്കേടിൽ ക്ലോപ്പ് എത്തുകയും ചെയ്യും.
ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക.