യൂറോപ്പ്യൻ ഫുട്ബോളിന്റെ ആരവമുയർന്നു. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് ഡ്രോയിൽ ആവേശപ്പോരാട്ടങ്ങൾക്ക് കളമൊരുങ്ങി. ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ പിഎസ്ജിയും റയൽ മാഡ്രിഡും ക്ലബ്ബ് ബ്രൂഗ്സും തുർക്കിയിലെ ഗലറ്റസരായും ഏറ്റുമുട്ടും.
ഗ്രൂപ്പ് ബിയിൽ ജർമ്മൻ ചാമ്പ്യന്മാരായ ബയേണും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ടോട്ടെൻഹാം ഹോട്ട്സ്പർസും ഒളിമ്പ്യാക്കോസും റെഡ് സ്റ്റാർ ബെൽഗ്രേഡുമാണുള്ളത്.
താരതമ്യേന എളുപ്പമാണ് ഗ്രൂപ്പ് സി. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ ഷാക്തറും അറ്റലാന്റയും ഡൈനാമോ സാഗരെബുമാണ്.
ഗ്രൂപ്പ് ഡിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും യുവന്റസും അത്ലെറ്റിക്കോ മാഡ്രിഡിനെ വീണ്ടും കണ്ട് മുട്ടുന്നത്. കഴിഞ്ഞ സീസണിൽ ഒരു ഐതിഹാസിക മത്സരം ചാമ്പ്യൻസ് ലീഗിന് ഇരു ടീമുകളും സമ്മാനിച്ചിരുന്നു. ജർമ്മൻ ടീമായ ബയേർ ലെവർകൂസനും ലോക്കോമോട്ടിവ് മോസ്കോയും ഗ്രൂപ്പ് ഡിയിൽ തന്നെയാണ്. ഗ്രൂപ്പ് ഈയിൽ ചാമ്പ്യന്മാരായ ലിവർപൂളും നാപോളിയും ആസ്ട്രിയൻ ക്ലബ്ബായ സാൽസ്ബർഗും ജെങ്കുമാണുള്ളത്.
ഗ്രൂപ്പ് എഫിൽ കരുത്തരായ ബാഴ്സലോണ ഏറ്റുമുട്ടേണ്ടത് ബൊറുസിയ ഡോർട്ട്മുണ്ടിനോടും ഇന്റർ മിലാനോടും സ്ലാവിയ പ്രാഗിനോടുമാണ്. ഗ്രൂപ്പ് ജിയിൽ ബെൻഫിക്കയ്ക്ക് എതിരാളികൾ സെനിറ്റ് എഫ്സിയും ലിയോണും ലെപ്സിഗുമാണ്.
ഗ്രൂപ്പ് എച്ചിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ചെൽസി കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിലെ കറുത്ത കുതിരകളായ അയാക്സിനെയും വലൻസിയയേയും ലില്ലെയേയും നേരിടും. യൂറോപ്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന തകർപ്പൻ ഡ്രോ തന്നെയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.