ചാമ്പ്യൻസ് ലീഗിൽ അഞ്ചു തവണ ജേതാക്കൾ ആയ ബാഴ്സലോണ ഗ്രൂപ്പ് ഘട്ടം കടക്കാൻ കടമ്പകൾ ഏറെ. നിലവിൽ ഗ്രൂപ്പ് ഇയിൽ എല്ലാ കളികളും ജയിച്ച ബയേണിനു പിറകെ ഏഴു പോയിന്റുകളും ആയി രണ്ടാം സ്ഥാനത്ത് ആണ് ബാഴ്സലോണ. ഗ്രൂപ്പിൽ അവസാന സ്ഥാനക്കാർ ആയ ഡൈനാമോ കീവിനെ രണ്ടു കളികളിലും തോൽപ്പിക്കാൻ ആയ ബാഴ്സലോണ ബയേണിനോടും ബെൻഫിക്കയോടും വലിയ പരാജയം ആണ് ഏറ്റുവാങ്ങിയത്. ബെൻഫിക്കയോടു കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങിയതോടെ നിലവിൽ ബാഴ്സലോണയുടെ കാര്യങ്ങൾ കഷ്ടത്തിൽ ആയി. മഴയിൽ കുതിർന്ന മത്സരത്തിൽ ബെൻഫിക്കയോട് പരാജയം വഴങ്ങാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
നിലവിൽ ഗ്രൂപ്പിൽ മൂന്നാമതുള്ള ബെൻഫികയെക്കാൾ 5 മത്സരങ്ങൾക്ക് ശേഷം 2 പോയിന്റുകൾ മുകളിൽ ആണ് ബാഴ്സലോണ. എന്നാൽ അവസാന മത്സരത്തിൽ ജർമ്മനിയിൽ ബയേണിനെ ആണ് ബാഴ്സലോണക്ക് നേരിടേണ്ടത്. നിലവിലെ ഫോമിൽ ബയേണിനെ ബാഴ്സലോണ അട്ടിമറിച്ചാൽ അത് ഒരു അത്ഭുതം തന്നെയാവും. അതേസമയം അവസാന മത്സരത്തിൽ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാർ ആയ ഡൈനാമോ കീവിനെ സ്വന്തം മൈതാനത്ത് നേരിടാൻ ഇറങ്ങുന്ന ബെൻഫിക്കക്ക് ജയിക്കാൻ ആയാൽ ബാഴ്സലോണ ബയേണിനെ സമനിലയിൽ തളച്ചാലും അവർ പുറത്ത് പോവും. അതിനാൽ തന്നെ ബാഴ്സ ബയേണിനു എതിരെ ജയിക്കുകയോ ബെൻഫിക്കയെ ഡൈനാമോ കീവ് തോൽപ്പിക്കുകയോ സമനിലയിൽ തളക്കുകയോ ചെയ്താൽ മാത്രമേ സാവിയുടെ ടീം ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ എത്തുകയുള്ളു. ഗ്രൂപ്പിൽ മുൻ മത്സരത്തിൽ ഡൈനാമോ കീവ് ബെൻഫിക്കയെ സമനിലയിൽ തളച്ചു എന്നത് ആണ് ബാഴ്സലോണക്ക് പ്രതീക്ഷ നൽകുന്ന വസ്തുത. ഗ്രൂപ്പ് മൂന്നാം സ്ഥാനക്കാർ ആയാൽ വർഷങ്ങൾക്ക് ശേഷം ആയിരിക്കും ബാഴ്സലോണ യൂറോപ്പ ലീഗ് കളിക്കേണ്ട അവസ്ഥ ഉണ്ടാവുക.