ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിൽ 5 മത്സരങ്ങൾക്ക് ശേഷവും ആരു അവസാന പതിനാറിൽ എത്തുമെന്നോ ആരു പുറത്ത് ആവുമോ എന്നും ഒരു ഉറപ്പും ഉണ്ടായിട്ടില്ല. നിലവിൽ 8 പോയിന്റുകളും ആയി ഫ്രഞ്ച് ജേതാക്കൾ ആയ ലില്ലി ഒന്നാമത് നിൽക്കുമ്പോൾ 7 പോയിന്റുകളും ആയി റെഡ് ബുൾ സാൽസ്ബർഗ് രണ്ടാമത് ആണ്. മൂന്നാമതുള്ള സെവിയ്യക്ക് 6 പോയിന്റുകളും നാലാമതുള്ള വോൾവ്സ്ബർഗിന് 5 പോയിന്റുകളും ആണ് ഉള്ളത്. ഇതോടെ അവസാന മത്സരത്തിൽ ആർക്കു വേണമെങ്കിലും അവസാന പതിനാറിൽ എത്താൻ ആവും എന്ന നിലയാണ് ഉള്ളത്. ഇന്നലെ സീസണിൽ അതുഗ്രൻ ഫോമിലുള്ള 21 കാരനായ കനേഡിയൻ യുവ താരം ജോനാഥൻ ഡേവിഡ് 31 മത്തെ മിനിറ്റിൽ നേടിയ ഏക ഗോളിന് സാൽസ്ബർഗിന് എതിരെ ജയം കണ്ട ലില്ലി ഗ്രൂപ്പിൽ നിലവിൽ ഒന്നാം സ്ഥാനത്ത് എത്തുക ആയിരുന്നു.
അതേസമയം ഗ്രൂപ്പിൽ ഇത് വരെ ജയം കാണാൻ സാധിക്കാതിരുന്ന സെവിയ്യ വോൾവ്സ്ബർഗിനെ 2 ഗോളിന് തോൽപ്പിച്ചു ആണ് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്തിയത്. പന്ത്രണ്ടാം മിനിറ്റിൽ ജോർദനും 97 മത്തെ മിനിറ്റിൽ റാഫേലും നേടിയ ഗോളുകളിൽ ആണ് സെവിയ്യ ജയം കണ്ടത്. ഈ ജയം സെവിയ്യയുടെ പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. അവസാന മത്സരത്തിൽ സാൽസ്ബർഗിനെ നേരിടുന്ന സെവിയ്യക്ക് ജയം അവസാന പതിനാറിൽ ഇടം നൽകും. അതേസമയം അവസാന മത്സരത്തിൽ വോൾവ്സ്ബർഗിന് എതിരെ സമനില പോലും ലില്ലിക്ക് അവസാന പതിനാറിൽ ഇടം നൽകും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ആരു വീഴും ആരു കയറും എന്നു കാത്തിരുന്നു തന്നെ കാണാം.