ചാമ്പ്യൻസ് ലീഗിൽ വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവിൽ നിരാശപ്പെടുത്തുന്ന തുടക്കവും ആയി ചാമ്പ്യൻസ് ലീഗ് വമ്പന്മാർ ആയ എ.സി മിലാൻ. ഗ്രൂപ്പ് ഘട്ടത്തിൽ ലിവർപൂൾ, അത്ലറ്റികോ മാഡ്രിഡ് എന്നിവരോട് പൊരുതി കീഴടങ്ങിയ ഇറ്റാലിയൻ വമ്പന്മാർ ഇത്തവണ പോർച്ചുഗീസ് ടീം ആയ എഫ്.സി പോർട്ടോയോടും തോൽവി വഴങ്ങി. പോർട്ടോയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ കൊളംബിയൻ താരം ലൂയിസ് ഡിയാസ് ആണ് പോർച്ചുഗീസ് ടീമിന് ജയം സമ്മാനിച്ചത്. ഇരു ടീമുകളും വലിയ അവസരങ്ങൾ ഒന്നും ഉണ്ടാക്കാത്ത മത്സരത്തിൽ ഡിയാസിന്റെ ഗോൾ മത്സരത്തിന്റെ വിധി എഴുതുക ആയിരുന്നു.
കഴിഞ്ഞ കോപ്പ അമേരിക്കയിലെ താരങ്ങളിൽ ഒരാൾ ആയ ഡിയാസ് രണ്ടാം പകുതിയിൽ 64 മിനിറ്റിൽ പോർട്ടോക്ക് മുൻതൂക്കം സമ്മാനിക്കുക ആയിരുന്നു. മെഹ്ദി തരമിയുടെ പാസിൽ നിന്നു വലൻ കാലൻ അടിയിലൂടെ ആയിരുന്നു ഡിയാസിന്റെ ഗോൾ. മത്സരത്തിൽ ഉടനീളം അതുഗ്രൻ പ്രകടനം ആണ് കൊളംബിയൻ താരം പുറത്ത് എടുത്തത്. ഗ്രൂപ്പ് ബിയിൽ ജയത്തോടെ അത്ലറ്റികോ മാഡ്രിഡിന് ഒപ്പം നാലു പോയിന്റുകൾ ആണ് പോർട്ടോക്ക് നിലവിൽ ഉള്ളത്. അതേസമയം മൂന്നിൽ മൂന്നു കളിയിലും പരാജയം നേരിട്ട മിലാനു ഇനി ഗ്രൂപ്പ് ഘട്ടം കടക്കണം എങ്കിൽ അത്ഭുതം തന്നെ സംഭവിക്കണം.