ജർമ്മൻ യുവനിര യൂറോപ്യൻ ചാമ്പ്യന്മാരായി. ഇന്ന് സ്ലൊവേനിയയിൽ നടന്ന ആവേശകരമായ ഫൈനലിന് ഒടുവിൽ പോർച്ചുഗലിനെ വീഴ്ത്തിയാണ് ജർമ്മനി അണ്ടർ 21 യൂറോ കിരീടം നേടിയത്. മറുപടിയില്ലാത്ത ഒരേയൊരു ഗോളിനായിരുന്നു ജർമ്മൻ വിജയം. ഒരു ഗോൾ മാത്രമെ പിറന്നുള്ളൂ എങ്കിലും ആവേശകരമായിരുന്നു ഇന്നത്തെ മത്സരം. ഇരു ടീമുകളും അറ്റാക്കിംഗ് ഫുട്ബോളാണ് ഇന്ന് കാഴ്ചവെച്ചത്.
ആദ്യ പകുതിയിൽ രണ്ടു ടീമും ഒപ്പത്തിനൊപ്പം നിന്നു. മികച്ച രണ്ട് അവസരങ്ങൾ വന്നത് ജർമ്മനിക്ക് ആയിരുന്നു. ഇതിൽ ഒന്ന് പോസ്റ്റിന് തട്ടിയാണ് ഗോളാകാതെ മടങ്ങിയത്. രണ്ടാം പകുതിയിൽ എന്നാൽ തുടക്കത്തിൽ തന്നെ ഗോൾ നേടാൻ ജർമ്മനിക്കായി. 48ആം മിനുട്ടിൽ റിഡിൽ ബകു നൽകിയ ത്രൂപാസ് മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രണത്തിലാക്കി ഗോളിയെ കബളിപ്പിച്ച് എന്മേച വലയിൽ എത്തിക്കുക ആയിരുന്നു. താരത്തിന്റെ ഈ ടൂർണമെന്റിലെ നാലാം ഗോളായിരുന്നു ഇത്.
ഈ ഗോളിന് മറുപടി പറയാൻ പോർച്ചുഗൽ എല്ലാ വിധത്തിലും ശ്രമിച്ചു എങ്കിലും കാര്യങ്ങൾ എളുപ്പമായില്ല. മൈതാന മധ്യത്ത് നിന്ന് ഒരു ഗംഭീര ഗോൾ ശ്രമം പോർച്ചുഗൽ നടത്തി എന്നാലും അത് മതിയായില്ല ജർമ്മൻ കീപ്പറെ പരാജയപ്പെടുത്താൻ. ആ ഒരൊറ്റ ഗോളിൽ തന്നെ വിജയം ഉറപ്പിക്കാൻ ജർമ്മനിക്കായി. ജർമ്മനിയുടെ മൂന്നാം അണ്ടർ 22 യൂറോ കിരീടമാണിത്. മുമ്പ് 2009ലും 2017ലും ജർമ്മനി ഈ ടൂർണമെന്റ് വിജയിച്ചിരുന്നു. പോർച്ചുഗലിന് അവരുടെ ആദ്യ അണ്ടർ 21 യൂറോ കിരീടത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.