ഏഷ്യാകപ്പിന്റെ ക്വാർട്ടറിൽ ഇന്ത്യൻ അണ്ടർ 16 ടീം പൊരുതി വീണു. അതിശക്തരായ ദക്ഷിണ കൊറിയക്കെതിരെ കളിയിൽ ഉടനീളം പൊരുതി നിന്ന് വെറും ഒരു ഗോളിന്റെ തോൽവിയും വഴങ്ങിയാണ് ഇന്ത്യ മലേഷ്യയിൽ നിന്ന് മടങ്ങുന്നത്. ഇന്ത്യ ഈ ടൂർണമെന്റിൽ ആദ്യമായി വഴങ്ങിയ ഗോളുമായിരുന്നു ഇത്. കളിയുടെ 67ആം മിനുട്ടിൽ ആയിരുന്നു കൊറിയയുടെ ഗോൾ പിറന്നത്.
കളിയിൽ ഭൂരിഭാഗം സമയവും കൊറിയൻ അറ്റാക്ക് തന്നെ ആയിരുന്നു കണ്ടത്. ഇന്ത്യയേക്കാണ് ഏറെ മികച്ച ടീമാണ് ദക്ഷിണ കൊറിയ. ഇറാഖിനെയും ഓസ്ട്രേലിയയെയും ഒക്കെ അനായാസം ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തിയ ദക്ഷിണ കൊറിയക്ക് ഇന്ന് വിജയിക്കാൻ നന്നായി വിയർക്കേണ്ടി വന്നു എന്ന് പറയാം. ഡിഫൻസിലെ പ്രധാന താരമായ യുമ്നം ഇല്ലാതെ ആയിരുന്നു ഇന്ത്യ ഇറങ്ങിയത്. എന്നിട്ടും ഇന്ത്യൻ ഡിഫൻസ് കൊറിയൻ അറ്റാക്കിനോട് പൊരുതി നിന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 12 ഗോളടിച്ച കൊറിയയെ ഇന്ന് ഒരു ഗോളിൽ ഒതുക്കുന്നതിൽ ഇന്ത്യൻ ഗോൾ കീപ്പർ നീരജും പ്രധാന പങ്കുവഹിച്ചു. നിരവധി സേവുകളാണ് ഇന്ന് നീരജ് നടത്തിയത്. ഇന്ത്യ വഴങ്ങിയ ഗോൾ വരെ ആദ്യം നീരജ് സേവി ചെയ്തിട്ട് റീബൗണ്ടിലായിരുന്നു വലയിൽ എത്തിയത്.
ഇന്ന് ജയിച്ചിരുന്നു എങ്കിൽ അടുത്ത വർഷത്തെ അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടി ഇന്ത്യക്ക് ചരിത്രം കുറിക്കാമായിരുന്നു. അതിന് സാധിച്ചില്ല എങ്കിലും പരിശീലകൻ ബിബിയാനോയ്ക്കും ഈ യുവനിരയ്ക്കും അഭിമാനത്തോടെ തന്നെ മലേഷ്യയിൽ നിന്ന് മടങ്ങാം. ഭാവിയിലേക്ക് അത്ര പ്രതീക്ഷ നൽകുന്നതായിരുന്നു ഈ യുവനിരയുടെ പ്രകടനം.