അടുത്ത വർഷം നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിനുള്ള ടീം ഒരുക്കാൻ ആണെന്ന് പറഞ്ഞാണ് എ ഐ എഫ് എഫ് കഴിഞ്ഞ ആഴ്ച ഹീറോ അണ്ടർ 17 ചാമ്പ്യൻഷിപ്പ് എന്ന വനിതാ ഫുട്ബോൾ ടൂർണമെന്റ് നടത്തിയത്. നാലു ടീമുകളാക്കി തിരിച്ച് എൺപതോളം താരങ്ങൾ ഈ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിരുന്നു. എന്നാൽ ടൂർണമെന്റ് വെറും പ്രഹസനമായിരുന്നു എന്ന് ആരോപണങ്ങൾ ഉയരുകയാണ് ഇപ്പോൾ.
നേരത്തെ തന്നെ വനിതാ യൂത്ത് ടീമിനെ പരിശീലിപ്പിച്ചു കൊണ്ടിരുന്ന അലക്സ് അംബ്രോസിന്റെ ടീമായിരുന്നു ഈ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയിരുന്നത്. അവസാന കുറെ മാസങ്ങളായി ഇന്ത്യൻ അണ്ടർ 17 ക്യാമ്പിൽ ഉണ്ടായിരുന്ന താരങ്ങൾ മാത്രം ആയിരുന്നു അലക്സ് ആംബ്രോസിന്റെ ലയണസസ് എന്ന ടീമിൽ ഉണ്ടായിരുന്നത്. പുതുതായി ക്യാമ്പിൽ എത്തിയ താരങ്ങളെ ഒക്കെ വേറെ ടീമുകളിലും അണിനിരത്തി.
വെറും ഒരാഴ്ചയിൽ താഴെ മാത്രമാണ് ക്യാമ്പിൽ പുതിയയതായി എത്തിയ താരങ്ങൾക്ക് നിൽക്കാൻ കഴിഞ്ഞത്. ഇണങ്ങാൻ കഴിയാത്ത ടീമുമായി കളിച്ച ബാക്കി എല്ലാ ടീമുകളും തോൽക്കുകയും ലയണസസ് കിരീടം നേടുകയുമായിരുന്നു. ഈ ടൂർണമെന്റ് കഴിഞ്ഞ ഉടനെ പുതുതായി ക്യാമ്പിൽ എത്തിയ നാൽപ്പതിൽ അധികം താരങ്ങളെയും ക്യാമ്പിൽ നിന്ന് തിരിച്ചയച്ചു. പഴയ ഇന്ത്യൻ ക്യാമ്പിലെ താരങ്ങളെ മാത്രം നിലനിർത്തുകയും ചെയ്തു.
പഴയ താരങ്ങളെ തന്നെ നിലനിർത്താൻ ആയിരുന്നു എങ്കിലും എന്തിനായിരുന്നു ഈ പ്രഹസനം എന്നാണ് വനിതാ ഫുട്ബോൾ മേഖലയിൽ പ്രവർത്തിക്കുന്ന പലരും ഉന്നയിക്കുന്നത്. മലയാളി താരങ്ങളായ ഏഴു പേർ ക്യാമ്പിക് ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ടൂർണമെന്റിൽ നാലു മലയാളി താരങ്ങൾ സ്ഥിരം സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടായിരുന്നു. അവർ മികച്ച പ്രകടനവും കാഴ്ചവെച്ചു. പക്ഷെ അവരെയൊന്നും പരിഗണിക്കാൻ തയ്യാറായില്ല. ഉത്തരേന്ത്യൻ ലോബികൾ ആണ് സെലക്ഷൻ നിയന്ത്രിക്കുന്നത് എന്നാണ് ഇപ്പോൾ പരാതികൾ ഉയരുന്നത്. അർഹിച്ച പല താരങ്ങളും ഇല്ലാതെയാകും ഇന്ത്യ അടുത്ത ലോകകപ്പിന് ഇറങ്ങുക എന്ന ആശങ്കയും ഫുട്ബോൾ നിരീക്ഷകർ പങ്കുവെക്കുന്നു.