ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം കോച്ച് രാജിവെച്ചു

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം പരിശീലകന്‍ തുഷാര്‍ അറോത്തെ രാജിവെച്ചു. ടീമിലെ മുതിര്‍ന്ന താരങ്ങളില്‍ നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത്. ഏഷ്യ കപ്പ് പരാജയത്തിനു ശേഷം ടീമില്‍ കോച്ചിനെതിരെ ഒരു പടയൊരുക്കം തന്നെയുണ്ടായി എന്നാണ് മനസ്സിലാക്കുന്നത്. ചില താരങ്ങളോട് അവരുടെ “കംഫര്‍ട് സോണില്‍” നിന്ന് പുറത്ത് കടക്കണമെന്ന് കോച്ച് ആവശ്യപ്പെട്ടിരുന്നു. ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയ്ക്ക് വേണ്ടിയാണെന്നു അവരെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും അത് അവര്‍ക്ക് തന്നില്‍ അതൃപ്തിയുണ്ടാക്കിയെന്നാണ് കോച്ച് പറഞ്ഞത്.

താരങ്ങള്‍ കോച്ചിന്റെ പരിശീലന മുറകളില്‍ അതൃപ്തി രേഖപ്പെടുത്തി ബിസിസഐയെയും സിഒഎയെയും ചെന്ന് കണ്ട് പരാതി പറഞ്ഞിരുന്നു. ഇന്നലെ തന്നെ ബിസിസിഐയ്ക്ക് തുഷാര്‍ തന്റെ രാജി നല്‍കിയെന്നും ബിസിസിഐ അത് സ്വീകരിച്ചുവെന്നുമാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial