കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ട്രിന്‍ബാഗോ 20 റണ്‍സിനു സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. ട്രിന്‍ബാഗോ സ്പിന്നര്‍ ഫവദ് അഹമ്മദ് ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 165/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സെയിന്റ് കിറ്റ്സിനു 145/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.
ബ്രണ്ടന്‍ മക്കല്ലം(43), കോളിന് മണ്‍റോ(29), ദിനേശ് രാംദിന്(27*), ഡ്വെയിന്‍ ബ്രാവോ(24), ഡാരെന്‍ ബ്രാവോ(20) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ 165 റണ്‍സിലേക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ എത്തിച്ചത്. ഷെല്‍ഡണ്‍ കോട്രെല്‍ രണ്ടും കാര്‍ലോസ് ബ്രാത്വൈറ്റ്, ബെന്‍ കട്ടിംഗ്, ക്രിസ് ഗെയില്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഡെവണ്‍ തോമസ്(35) ആണ് പാട്രിയറ്റ്സിന്റെ ടോപ് സ്കോറര്‍. ബ്രണ്ടന്‍ കിംഗ്(33), ഫാബിയന്‍ അല്ലെന്(32*) എന്നിവരും വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയെങ്കിലും മറ്റു ബാറ്റ്സ്മാന്മാരടെ പരാജയം ടീമിനു തിരിച്ചടിയായി. 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 20 ഓവറില്‍ 145 റണ്‍സ് നേടി ടീം തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.
നാല് ഓവറില്‍ വെറും 13 റണ്‍സ് വിട്ട് നല്കി ഫവദ് അഹമ്മദ് മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്. സുനില്‍ നരൈന് രണ്ടും അലി ഖാന്, കോളിന് ഇന്‍ഗ്രാം, കെവണ്‍ കൂപ്പര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.