കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020ന്റെ ചാമ്പ്യന്മാരായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ സെയിന്റ് ലൂസിയ സൂക്ക്സിനെയാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് വീഴ്ത്തിയത്. മികച്ച തുടക്കത്തിന് ശേഷം പൊള്ളാര്‍ഡിന്റെ മികവില്‍ സൂക്ക്സിനെ പിടിച്ച് കെട്ടിയ ശേഷം കിരീടത്തിനായി 155 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ട്രിന്‍ബാഗോയ്ക്ക് തുടക്കം പിഴച്ചുവെങ്കിലും മൂന്നാം വിക്കറ്റില്‍ ലെന്‍ഡല്‍ സിമ്മണ്‍സ്-ഡാരെന്‍ ബ്രാവോ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ടീമിനെ തിരികെ എത്തിച്ചത്. ഈ അപരാജിത കൂട്ടുകെട്ടിലൂടെ ടീമിനെ വിജയത്തിലെത്തിക്കുവാനും ഇവര്‍ക്കായി.
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സാണ് നേടിയത്. അവസാന അഞ്ചോവറില്‍ 45 റണ്‍സെന്ന ലക്ഷ്യം എട്ട് വിക്കറ്റ് കൈവശമുള്ളപ്പോള്‍ നേടേണ്ടിയിരുന്ന ടീമിന് സ്കോട്ട് കുജ്ജെലിന്റെ 16ാം ഓവറില്‍ നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ ലക്ഷ്യം അവസാന നാലോവറില്‍ 41 റണ്‍സായി.
സഹീര്‍ ഖാന്‍ എറിഞ്ഞ 17ാം ഓവറില്‍ നിന്ന് മാത്രം ലെന്‍ഡല്‍ സിമ്മണ്‍സും ഡാരെന്‍ ബ്രാവോയും 23 റണ്‍സ് നേടിയതോടെ ലക്ഷ്യം 18 പന്തില്‍ 18 എന്ന നിലയില്‍ മാറി. ഡാരെന്‍ ബ്രാവോ ഓവറില്‍ നിന്ന് രണ്ട് സിക്സുകള്‍ നേടി തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ സിമ്മണ്‍സ് ഒരു ഫോറും സിക്സുമാണ് നേടിയത്.
49 പന്തില്‍ നിന്ന് 8 ഫോറും 4 സിക്സും സഹിതം ലെന്‍ഡല്‍ സിമ്മണ്‍സ് 84 റണ്‍സ് നേടിയപ്പോള്‍ 2 ഫോറും ആറ് സിക്സും അടക്കം 47 പന്തില്‍ നിന്നാണ് ഡാരെന്‍ ബ്രാവോയുടെ 58 റണ്‍സ്. 11 പന്ത് അവശേഷിക്കെ 18.1 ഓവറിലാണ് ടീമിന്റെ എട്ട് വിക്കറ്റ് വിജയം.