ഇത്തരം പിച്ചുകള്‍ പ്രശ്നമുള്ളതാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ലോകകപ്പില്‍ ഇതിലും ഭേദപ്പെട്ട പിച്ച് ആണ് ആവശ്യമെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ അഭിപ്രായപ്പെട്ടപ്പോള്‍ നേരെ വിപരീതമായാണ് കെയിന്‍ വില്യംസണ്‍ പറയുന്നത്. ടോസ് വളരെ നിര്‍ണ്ണായകമാണെന്നും. ഇരു ഇന്നിംഗ്സുകളിലും ഇത്തരം പിച്ചില്‍ ന്യൂബോളില്‍ മൂവ്മെന്റ് പ്രതീക്ഷിക്കുന്നതാണ്.
വളരെ ചുരുങ്ങിയ ടോട്ടലില്‍ ഒരു ടീം പുറത്തായാല്‍ ഏത് നല്ല പിച്ചിലാണെങ്കില്‍ ആ സ്കോര്‍ സംരക്ഷിക്കുക പ്രയാസകരമാണ്. ആദ്യ ഓവറുകളിലെ മൂവ്മെന്റിനെ മറികടന്നാല്‍ പിന്നീട് ബാറ്റിംഗ് വളരെ എളുപ്പമാണ്, അതാണ് ന്യൂസിലാണ്ട് ബാറ്റ്സ്മാന്മാര്‍ നടപ്പിലാക്കിയതും പത്ത് വിക്കറ്റ് വിജയം കരസ്ഥമാക്കിയതെന്നും വില്യംസണ്‍ പറഞ്ഞു.
ഇംഗ്ലണ്ടില്‍ വൈവിധ്യമാര്‍ന്ന വിക്കറ്റുകളാണ് ലഭിയ്ക്കുക. ബൗളര്‍മാരുമായി കൂടുതലൊന്നും കൂടിയാലോചിച്ചില്ല, പിച്ച് കണ്ടപ്പോള്‍ തന്നെ ആക്രമണ ബൗളിംഗാണ് തങ്ങള്‍ ചെയ്യേണ്ടതെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നുവെന്നും കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു. മത്സരത്തില്‍ ഗപ്ടില്‍ 51 പന്തില്‍ 73 റണ്‍സും കോളിന്‍ മണ്‍റോ 46 പന്തില്‍ നിന്ന് 57 റണ്‍സും നേടിയാണ് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.