പ്രീമിയർ ലീഗിലെ ചാമ്പ്യൻസ് ലീഗ് പോര് ഫോട്ടോ ഫിനിഷിലേക്ക് പോവുകയാണ്. ചെൽസി, ലെസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇവരിൽ രണ്ട് ടീമുകൾ അകത്തും ഒരു ടീം പുറത്തും ആകും എന്നത് ഉറപ്പാണ്. എന്നാൽ ആരാകും യോഗ്യത നേടുക എന്നത് പ്രവചിക്കാൻ കഴിയുന്ന ഒന്നല്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾ ആണ് ഉള്ളത്. ആ രണ്ട് മത്സരങ്ങളും ഒട്ടും എളുപ്പമുള്ള മത്സരങ്ങൾ അല്ല. ആദ്യത്തേത് വെസ്റ്റ് ഹാമിനെതിരായണ്. ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. 62 പോയന്റ്. നാലാമതുള്ള ലെസ്റ്ററിനും 62 പോയന്റ്. രണ്ട് ടീമുകൾക്കും ഗോൾ ഡിഫറൻസ് +28. യുണൈറ്റഡ് ഒരു മത്സരം കുറവ്. ആ മത്സരമാണ് വെസ്റ്റ് ഹാമിനെതിരെ യുണൈറ്റഡിന് ബാക്കിയുള്ളത്.
ബുധനാഴ്ച വെസ്റ്റ് ഹാമിനെ തോൽപ്പിച്ചാലോ സമനില പിടിച്ചാലോ യുണൈറ്റഡിന് നാലാം സ്ഥാനത്തേക്ക് എത്താം. പിന്നെ ലെസ്റ്ററിനെതിരെ പരാജയപ്പെടാതെ നോക്കിയാൽ തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാൻ ആകും. വെസ്റ്റ് ഹാമിനെതിരെ യുണൈറ്റഡ് പരാജയപ്പെടുക ആണെങ്കിൽ പിന്നെ ലെസ്റ്ററിനെതിരെ എന്തായാലും വിജയിച്ചാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആവുകയുള്ളൂ.
വെസ്റ്റ് ഹാമിനെ വലിയ ഗോൾ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയാൽ യുണൈറ്റഡ് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. ഉദാഹരണത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ മൂന്ന് ഗോൾ വ്യത്യാസത്തിൽ തോൽപ്പിച്ചാൽ പിന്നെ ലെസ്റ്ററിന് യുണൈറ്റഡിനെ അവസാന കളിയിൽ ചുരുങ്ങിയത് രണ്ട് ഗോളിന് എങ്കിലും തോൽപ്പിച്ചാലെ യുണൈറ്റഡിനെ മറികടക്കാൻ കഴിയുകയുള്ളൂ.
അതേ സമയം ഇപ്പോൾ മൂന്നാമത് ഉള്ള ചെൽസിയുടെ ഫലങ്ങളും നിർണായകമാണ്. ചെൽസിക്ക് രണ്ട് മത്സരങ്ങൾ ബാക്കൊയുണ്ട്. ആ രണ്ടും വലിയ മത്സരങ്ങൾ ആണ്. ബുധനായ്ച ലിവർപൂളിനെതിരെ ആണ് ചെൽസിയുടെ ആദ്യ മത്സരം. ഒട്ടും എളുപ്പമായിരിക്കില്ല ആ മത്സരം. അവസാന ദിവസം ആകട്ടെ ചെൽസിക്ക് എതിരാളികൾ യൂറോപ്പ് യോഗ്യതക്ക് വേണ്ടി പൊരുതുന്ന വോൾവ്സും. ഇപ്പോൾ 63 പോയന്റ് മാത്രമുള്ള ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഒട്ടും സുരക്ഷിതമല്ല എന്ന് അർത്ഥം.