“തിയാഗോ ലിവർപൂളിലേക്ക് പോകരുത് എന്നാണ് തന്റെ ആഗ്രഹം” – റൂണി

Newsroom

ബയേൺ മ്യൂണിക്ക് മധ്യനിര താരം തിയാഗോ അൽകാൻട്ര ബയേൺ മ്യൂണിക്ക് വിടാൻ ഒരുങ്ങുകയാണ്. താരം ക്ലബ് വിട്ടാലും ലിവർപൂളിലേക്ക് പോകരുതേ എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൂണി പറഞ്ഞു. തിയാഗോ ലിവർപൂളിലേക്ക് പോകും എന്നാണ് അഭ്യൂഹങ്ങൾ. തിയാഗോയും ലിവർപൂളും തമ്മിൽ കരാർ ധാരണയിൽ ആയിട്ടുണ്ട്. ഇപ്പോൾ ആകെ ഉള്ള പ്രശ്നം ട്രാൻസ്ഫർ തുക മാത്രമാണ്.

ബയേൺ മ്യൂണിക്ക് 30 മില്യണോളമാണ് തിയാഗോയ്ക്ക് ആവശ്യപ്പെടുന്നത്. ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തിന് ഇത്ര വലിയ തുക നൽകാൻ ലിവർപൂൾ തയ്യാറായിരുന്നില്ല. എന്നാൽ ഇന്നലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തിയാഗോ നടത്തിയ പ്രകടനം ലിവർപൂളിനെ വീണ്ടും ചിന്തിപ്പിക്കും. 30 മില്യൺ നൽകിയാലും തിയാഗോ എന്ന താരം അതർഹിക്കുന്ന വിലയാണ്. എന്നാൽ ലിവർപൂൾ തിയാഗോയെ സ്വന്തമാക്കുന്നത് തന്നെ ഭയപ്പെടുത്തുന്നു എന്ന് റൂണി പറയുന്നു.

2013ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിയാഗോയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരുന്നു. അന്ന് തിയാഗോയെ നഷ്ടമായത് വലിയ നഷ്ടം തന്നെയാണെന്നും റൂണി പറഞ്ഞു. റൂണിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ക്ലബാണ് ലിവർപൂൾ.