ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള മാഞ്ചസ്റ്ററിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിന്റെ നാലാം ദിവസം ആദ്യ രണ്ട് സെഷന്‍ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 167/5 എന്ന നിലയിലാണ്. മത്സരം വിജയിക്കുവാന്‍ ടീം 110 റണ്‍സാണ് നേടേണ്ടത്. പാക്കിസ്ഥാനാകട്ടെ വിജയം അഞ്ച് വിക്കറ്റ് അകലെയാണ്. ഇരു ടീമുകള്‍ക്കും തുല്യമായ അവസരമാണെങ്കിലും മത്സരത്തില്‍ നേരിയ മുന്‍ തൂക്കം പാക്കിസ്ഥാനാണ്.
ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് ടീമിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട്. 50 റണ്‍സ് നേടി ജോസ് ബട്‍ലര്‍-ക്രിസ് വോക്സ് കൂട്ടുകെട്ടാണ് ടീമിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഒരു ഘട്ടത്തില്‍ 96/2 എന്ന നിലയില്‍ നില്‍ക്കവെയാണ് ഇംഗ്ലണ്ടിന് പൊടുന്നനെ തകര്‍ച്ച നേരിടേണ്ടി വന്നത്. അവിടെ നിന്ന് 117/5 എന്ന നിലയിലേക്ക് ടീം വീഴുകയും വലിയ തോല്‍വിയിലേക്ക് ടീം പോകുമെന്നും കരുതിയ നിമിഷത്തിലാണ് ബട്ലര്‍ – വോക്സ് കൂട്ടുകെട്ട് രക്ഷയ്ക്കെത്തുന്നത്.
ബട്‍ലര്‍ 32 റണ്‍സും ക്രിസ് വോക്സ് 26 റണ്‍സും നേടിയാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ഡൊമിനിക്ക് സിബ്ലേ(36), ജോ റൂട്ട്(42) എന്നിവരാണ് പുറത്തായ പ്രധാന സ്കോറര്‍മാര്‍.