ഈ ടീം 2014 ലെ ടീമിനെ ഓർമ്മിപ്പിക്കുന്നു, ഞങ്ങൾ ശക്തരാണ്, ഒറ്റക്കെട്ടാണ്’ – ലയണൽ മെസ്സി

Argentinamessi

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു മുമ്പുള്ള പത്രസമ്മേളനത്തിൽ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. ഈ ടീം തന്നെ 2014 ൽ ഫൈനലിൽ എത്തിയ ടീമിനെ ഓർമിപ്പിക്കുന്നു എന്നു പറഞ്ഞ മെസ്സി ആ ടീം പോലെ ഈ ടീമും ശക്തരാണ് എന്നും അവകാശപ്പെട്ടു. തങ്ങൾ ഒറ്റക്കെട്ടാണെന്നു പറഞ്ഞ മെസ്സി കളത്തിൽ എന്ത് ചെയ്യണം എന്ന് തങ്ങൾക്ക് നന്നായി അറിയാം എന്നും കൂട്ടിച്ചേർത്തു. മികച്ച ഫോമിൽ മികച്ച പ്രകടനങ്ങളും ആയി എത്തുന്ന തങ്ങൾക്ക് നല്ല ആത്മവിശ്വാസം ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു. കോപ്പ അമേരിക്ക ജയിച്ചു വന്നത് ആത്മവിശ്വാസം നൽകുന്നു എന്നും സമ്മർദ്ദം കുറക്കുന്നു എന്നും മെസ്സി പറഞ്ഞു.

തന്നെ ചെറിയ പരിക്ക് അലട്ടുന്നു എന്ന വാർത്തകൾ മെസ്സി തള്ളി. താൻ ശാരീരികമായും മാനസികമായും നല്ല നിലയിൽ ആണ് ലോകകപ്പിന് എത്തിയത് എന്നും അർജന്റീന ക്യാപ്റ്റൻ പറഞ്ഞു. ലോകകപ്പ് തനിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആണെന്ന് പറഞ്ഞ മെസ്സി ചിലപ്പോൾ അവസാനത്തേത് ആവുന്ന അത് ആവോളം ആസ്വദിക്കാനും കിരീടം എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാനും ആണ് തങ്ങളുടെ ശ്രമം എന്നും പറഞ്ഞു. അർജന്റീനക്ക് ലോകകപ്പിൽ ലഭിക്കുന്ന പിന്തുണ തങ്ങൾക്ക് തുണയാകും എന്ന പ്രത്യാശയും മെസ്സി പങ്ക് വച്ചു.

തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം ആണോ ഇത് എന്നു തനിക്ക് അറിയില്ലെങ്കിലും താൻ നല്ല ആത്മവിശ്വാസത്തിൽ ആണെന്നും മെസ്സി പറഞ്ഞു. കൂടുതൽ പക്വമതി ആണ് നിലവിൽ എന്നു പറഞ്ഞ മെസ്സി ലോകകപ്പിന്റെ മത്സരക്രമം കഠിനമാണ് എങ്കിലും പരമാവധി എല്ലാ നിമിഷവും ആസ്വദിക്കാൻ ആവും താൻ ശ്രമിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പത്തെ ലോകകപ്പുകളെക്കാൾ തനിക്ക് ഓരോ നിമിഷം കൂടുതൽ ആസ്വദിക്കാൻ ഇപ്പോൾ കഴിയുന്നു എന്നു പറഞ്ഞ മെസ്സി പണ്ട് എപ്പോഴും ചിന്തിക്കുക അടുത്ത മത്സരത്തെ കുറിച്ചു ആയിരുന്നു എന്നും കൂട്ടിച്ചേർത്തു. 2014 ൽ ഫൈനലിൽ നഷ്ടമായ കിരീടം തേടി ഇറങ്ങുന്ന അർജന്റീനക്ക് ആദ്യ മത്സരത്തിൽ നാളെ സൗദി അറേബ്യ ആണ് എതിരാളികൾ.