പരമ്പരയിലെ മൂന്നാം ശതകം നേടി ചേതേശ്വര്‍ പുജാര. വിരാട് കോഹ്ലിയെയും അജിങ്ക്യ രഹാനയെയും നഷ്ടമായ മൂന്നാം സെഷനില്‍ എന്നാല്‍ പുജാര ശതകം പൂര്‍ത്തിയാക്കി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന് താന്‍ തന്നെയാണെന്ന പ്രസ്താവന കൂടിയാണ് ഇന്നത്തെ ശതകത്തിലൂടെ പുജാര നേടിയത്.
മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി പായിച്ചാണ് 199 പന്തില്‍ നിന്ന് പുജാര തന്റെ ശതകം നേടിയത്. അഡിലെയ്ഡില് 123 റണ്‍സ് നേടി പരമ്പരയിലെ തന്റെ ആദ്യ ശതകം നേടിയ പുജാര മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ 71 റണ്‍സ് നേടിയിരുന്നു. മെല്‍ബേണില്‍ ഏറെ പഴികേട്ടതെങ്കിലും 106 റണ്‍സ് നേടി തന്റെ രണ്ടാം ശതകം തികച്ചാണ് പുജാര മടങ്ങിയത്.