ബ്രസീലിയൻ സൂപ്പർ സ്റ്റാർ തിയാഗോ സിൽവയെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി. ഒരു വർഷത്തെ കരാറിലാണ് സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സിൽവ എത്തുന്നത്. എട്ടു വർഷത്തെ സേവനത്തിന് ശേഷം പാരിസിൽ നിന്നും ലണ്ടനിലെത്തുന്ന താരത്തിന്റെ കരാർ എക്സ്റ്റന്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. 35 കാരനായ തിയാഗോ സിൽവ എട്ടു സീസണുകളിൽ നിന്നായി ഏഴ് ഫ്രഞ്ച് ലീഗ് കിരീടങ്ങൾ താരം നേടി. അഞ്ചു ഫ്രഞ്ച് കപ്പുകളും പി എസ് ജിക്ക് ഒപ്പം സിൽവ നേടിയിട്ടുണ്ട്. പിഎസ്ജിയുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലായിരുന്നു ഈ സീസണിലെത്. കിംഗ്സ്ലി കോമന്റെ ഗോളിൽ ബയേണിനോട് പരാജയമേറ്റു വാങ്ങിയതിന് ശേഷം പിഎസ്ജി വിടുന്ന കാര്യം തിയാഗോ പ്രഖ്യാപിച്ചിരുന്നു.
Paris ⇢ The Pride of London! 💙@TSilva3 has arrived! #OhhThiagoSilva pic.twitter.com/ssO5ZlA4Dw
— Chelsea FC (@ChelseaFC) August 28, 2020
2012ൽ മിലാനിൽ നിന്നായിരുന്നു തിയാഗോ സിൽവ പി എസ് ജിയിൽ എത്തിയത്. മികച്ച ക്യാപ്റ്റനെന്ന് പേരെടുത്ത സിൽവ മുൻപ് ഫ്ലുമിനെസെ, മിലാൻ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2008 മുതൽ ബ്രസീൽ ദേശീയ ടീമിലും അംഗമാണ് സിൽവ. ഈ ട്രാൻസ്ഫർ ജാലകത്തിലെ ചെൽസിയുടെ അഞ്ചാം സൈനിംഗാണ് സിൽവ. സിയെച്,വെർണർ,ചിൽവെൽ, മലാഗ് സാർ എന്നിവർക്ക് പിന്നാലെയാണ് അനുഭവ സമ്പത്ത് ഏറെയുള്ള തിയാഗോ സിൽവയുടെ വരവ്.