ലോകത്ത് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം കളിച്ചത് എവിടെയാണെന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ഉണ്ട്. അഞ്ച് ദിവസത്തെ ടെസ്റ്റ് ക്രിക്കറ്റ് ആഭ്യന്തര തലങ്ങളിൽ കളിക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം പല ദേശങ്ങളിലും ഏകദിന ക്രിക്കറ്റ് കളിച്ചിരുന്നത് അറിയാം, ഇപ്പഴത്തെ രീതിയിൽ അല്ലെങ്കിൽ കൂടി. രാജ്യങ്ങൾ തമ്മിൽ കളിച്ച ആദ്യ ഏക ദിന മത്സരം മഴ കാരണം ആണെന്നുള്ളത്, മഴ കാരണം കളി മുടങ്ങുന്ന ഇക്കാലത്ത് ഒരു തമാശയായി തോന്നിയേക്കാം. ഇംഗ്ലണ്ടിന്റെ 1971ലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ, മൂന്നാമത്തെ ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിനങ്ങൾ മഴ മൂലം നഷ്ടപ്പെട്ടപ്പോൾ, നാലാം ദിവസം ഇരുടീമുകൾ തമ്മിൽ ആദ്യ ഏകദിന മത്സരം അരങ്ങേറി. വെള്ളയും വെള്ളയും ധരിച്ചു, ചുവന്ന ബോൾ ഉപയോഗിച്ചു, 40 ഓവറുകൾ വീതം ബോൾ ചെയ്താണ് കളി നടന്നത്. അന്നത്തെ ഓസ്‌ട്രേലിയൻ ഓവറിൽ 8 ബോളുകൾ ഉണ്ടായിരുന്നു എന്നോർക്കണം. മെൽബണിൽ കളിച്ച ആ കളി ഓസ്‌ട്രേലിയ 5 വിക്കറ്റിന് ജയിച്ചു.
പിന്നീട് കെറി പാക്കർ എഴുപതുകളുടെ അവസാനം നടത്തിയ റിബൽ ടൂറിൽ നിറമുള്ള വസ്ത്രങ്ങളും പുതിയ നിയമങ്ങളും കൊണ്ടു വന്നു. അത് കഴിഞ്ഞാണ് ഐസിസി ഏകദിന ക്രിക്കറ്റിനെ കാര്യമായിട്ടെടുത്തത്. അന്ന് ടെസ്റ്റ് ക്രിക്കറ്റിനെ ഈ പുതിയ ഫോർമാറ്റ് ഇല്ലാതാക്കും എന്നാണ് കൂടുതൽ ആളുകളും പറഞ്ഞത്. പിന്നീട് രണ്ടര പതിറ്റാണ്ടോളം ഏകദിന ഫോർമാറ്റിന്റെ നാളുകളായിരുന്നു. പക്ഷെ ഈ കളി ക്രിക്കറ്റിനെ മലീമസമാക്കാൻ തുടങ്ങിയതോടെ ഏകദിനത്തിന് ആരാധകർ കുറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭംഗി വീണ്ടും ആളുകൾ തിരിച്ചറിഞ്ഞു. മാത്രവുമല്ല ഏഷ്യൻ ടീമുകൾ ടെസ്റ്റ് ക്രിക്കറ്റിൽ മുന്നേറുകയും ചെയ്തപ്പോൾ ജനസംഖ്യാനുപാതികമായി ആരാധകർ കൂടുതലുള്ള ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റ് വീണ്ടും മുന്നേറി.
ഏകദിനത്തിന് 90കളുടെ അവസാനത്തിൽ തന്നെ തിരിച്ചടികൾ ഏറ്റു. ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്കുള്ള തിരക്ക് മറ്റ് രാജ്യങ്ങളിൽ കണ്ടില്ല. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ 20/20 മത്സരങ്ങൾ അനൗദ്യോഗികമായി പല രാജ്യങ്ങളിലും തുടങ്ങിയപ്പോൾ ക്രിക്കറ്റ് വീക്ക് ഡേയ്സിലും ആസ്വദിക്കാം എന്ന നിലയിൽ ആളുകൾ അതിന് പിന്നാലെയായി. ഐപിഎൽ ടി20 ഒരു ഹരമായി മാറിയതോടെ, പല രാജ്യങ്ങളും തദ്ദേശീയമായി 20/20 ടൂർണമെന്റുകൾ തുടങ്ങി. വൈകുന്നേരങ്ങളിൽ ഒരു സിനിമ കാണുന്ന രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് ഒരു മത്സരത്തിന് റിസൾട് ഉണ്ടാകുന്നു എന്നത് ക്രിക്കറ്റ് ആരാധകർക്കിടയിൽ ഈ ഫോർമാറ്റിന് കൂടുതൽ സ്വീകാര്യത നേടി കൊടുത്തു. മാത്രമല്ല, ഏകദിന ക്രിക്കറ്റിൽ സംഭവിച്ച പാളിച്ചകൾ 20/20യിൽ നിന്ന് ഒഴിവാക്കാൻ തുടക്കം മുതൽ തന്നെ ഐസിസി ശ്രദ്ധിച്ചു.
അങ്ങനെ ശുദ്ധ ക്രിക്കറ്റിനും, ഇൻസ്റ്റന്റ് ക്രിക്കറ്റിനും ഇടയിൽ ഏകദിന ക്രിക്കറ്റ് പതറി. രാജ്യാന്തര ക്രിക്കറ്റിന്റെ ജീവശ്വാസമായ ടിവി സംപ്രേഷണത്തിന് ഏകദിന ക്രിക്കറ്റിനോട് താൽപ്പര്യം കുറഞ്ഞു വന്നു. ഒരു 20/20 മത്സരത്തിൽ നിന്ന് ഉണ്ടാക്കാവുന്ന ലാഭം ഏകദിനത്തേക്കാൾ കൂടുതലായപ്പോൾ, ക്രിക്കറ്റ് ബോർഡുകൾക്കും ഇഷ്ടം 20/20 മത്സരങ്ങളോടായി.
കുറെ നാളായി ക്രിക്കറ്റ് കളിക്കാരും എക്സസ് ക്രിക്കറ്റിന് കാരണമായ ഏകദിന ക്രിക്കറ്റിനോട് എതിർപ്പ് പറഞ്ഞു തുടങ്ങിയിട്ട്. കൃത്യ സമയത്തു തന്നെ 50 ഓവറുകൾ എറിഞ്ഞു തീർക്കാൻ ഉള്ള തത്രപ്പാടിൽ കളിക്കാർക്ക് പരിക്ക് സംഭവിക്കുന്നതും അവരുടെ എതിർപ്പിന് കാരണമായി. 20/20 മത്സരങ്ങൾ കൂടുതലായി കളിച്ചാലും, ശരീരത്തിന് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നു എന്നത് അവർക്ക് വലിയൊരു ആശ്വാസമാണ്.
ഇത് കൊണ്ടെല്ലാം തന്നെ ഏകദിന ക്രിക്കറ്റിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് തന്നെ പറയാം. വേൾഡ് കപ്പിന്റെ കാര്യത്തിൽ തന്നെ ഇപ്പോൾ കൂടുതൽ ആവേശം 20/20 വേൾഡ് കപ്പിനോടാണ് എന്നത് ഇതിന്റെ സൂചകമാണ്. ഏകദിന ക്രിക്കറ്റ് ഇനിയെത്ര നാൾ കൂടി എന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ.