യു.എ.ഇയെ സമനിലയിൽ പിടിച്ച് തായ്‌ലൻഡ് നോക്ഔട്ടിലേക്ക്

Staff Reporter

ശക്തരായ യു.എ.ഇയെ 1-1ന് സമനിലയിൽ പിടിച്ച് തായ്‌ലൻഡ് ഏഷ്യൻ കപ്പിന്റെ നോക്ഔട്ട് യോഗ്യത ഉറപ്പിച്ചു. ഒരു ഗോളിന് പിറകിൽ നിന്നതിനു ശേഷമാണു സമനില പിടിച്ച് തായ്‌ലൻഡ് ശക്തരായ യു.എ.ഇയെ സമനിലയിൽ തളച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തകർന്ന തായ്‌ലൻഡ് രണ്ടാം മത്സരത്തിൽ ബഹ്‌റൈനെ തോൽപ്പിച്ചതാണ് നിർണായകമായത്.

മത്സരം തുടങ്ങിയത് മുതൽ യു.എ.ഇ തായ്‌ലൻഡ് ഗോൾ മുഖം ആക്രമിച്ചാണ് തുടങ്ങിയത്. ഏഴാം മിനുട്ടിൽ ഇസ്മായിൽ ഹമ്മാദിയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ യു.എ.ഇ മുൻപിലെത്തി. അലി അഹമ്മദ് മക്ബൂത് ആണ് യു.എ.ഇയുടെ ഗോൾ നേടിയത്. ഇന്ത്യക്കെതിരെ രണ്ടാമത്തെ ഗോൾ നേടിയ താരമാണ് അലി അഹമ്മദ് മക്ബൂത്.

എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് തന്നെ തായ്‌ലൻഡ് സമനില പിടിച്ചു. തിടിപൻ പുഅങ്ചാങ് ആണ് തായ്‌ലൻഡിന്റെ സമനില ഗോൾ നേടിയത്. തുടർന്ന് സമനില പൂട്ട് പൊട്ടിക്കാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും മത്സരത്തിൽ ഗോൾ ഒന്നും പിറന്നില്ല.